പിറവം പള്ളിയിൽ സുപ്രീകോടതി വിധി നടപ്പിലായി

കൊച്ചി: പിറവം പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പിലായി. കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചു പ്രാർത്ഥനകൾ ആരംഭിച്ചു. കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയിൽ പോലീസ് അകമ്പടിയോടെയാണ് ഓർത്തഡോക്സ് പള്ളിയിൽ പ്രവേശിച്ചത്.

പിറവം പള്ളിയിൽ ഞായറാഴ്ച ആരാധന നടത്താൻ ഹൈകോടതിയാണ് ഓർത്തഡോക്സ് പക്ഷത്തിന് അനുമതി നൽകിയത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇങ്ങനെ ഒരു അനുമതി നൽകിയത്.മലങ്കര മെത്രാപ്പോലീത്ത നിയമിക്കുന്ന വികാരിയ്ക്ക് ആവിശ്യമായ സൗകര്യങ്ങൾ സർക്കാർ ചെയ്തു കൊടുക്കണമെന്നും കോടതി പറഞ്ഞു.ആരെങ്കിലും ക്രമസമാധാന പ്രശ്നമുണ്ടാക്കിയാൽ അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കാൻ കോടതി ഉത്തരവിട്ടു.

പിറവം പള്ളികേസിൽ ഇനിയൊരു ഉത്തരവുണ്ടാകും വരെ കലക്ടർ ആയിരിക്കും പള്ളിയുടെ പൂർണ്ണ നിയന്ത്രണം. സംസ്ക്കാര ശുശ്രൂഷ അടക്കമുള്ള കാര്യങ്ങൾക്ക് കലക്ടറുടെയും പോലീസിന്റെയും മുൻ‌കൂർ അനുമതി തേടണമെന്നും ഉത്തരവിൽ പറയുന്നു. പള്ളിയുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തു എന്ന് അറിയിച്ച് കലക്ടർ കോടതിയ്ക്ക് റിപ്പോർട്ട്‌ നൽകിയിരുന്നു.