ടൂറിസ്റ്റ് വിസയില്‍ സൗദിയിലെത്തുന്നവരെ ഉംറ കര്‍മ്മം ചെയ്യാന്‍ അനുവദിക്കും

ജിദ്ദ: വിനോദ സഞ്ചാര വിസയില്‍ സൗദി സന്ദര്‍ശിക്കാനുന്നവര്‍ക്ക് സൗദിയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാവുന്നതുപോലെ വിശുദ്ധ ഉംറ കര്‍മ്മം ചെയ്യുവാന്‍ മുസ്‌ലിംങ്ങളായ സന്ദര്‍ശകര്‍ക്ക്  മക്കയിലെത്താമെന്ന് അധികൃതര്‍ അറിയിച്ചു.

സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്ക് സൗദിയിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശിക്കാനാകും. ഒരു വര്‍ഷത്തെ കാലാവധിയുള്ള വിസയില്‍ സൗദിയിലെ വിവിധ പ്രവിശ്യകളില്‍ പോകുവാനും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ചരിത്ര സ്ഥലങ്ങള്‍, പ്രകൃതി ദൃശ്യങ്ങള്‍ എന്നിവ കണ്ടെത്താനുമാകും.

2030 ആകുമ്പോഴേക്കും 100 ദശലക്ഷം വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുവാനും  ഒരു ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനുമുള്ള പദ്ധതിയുടെ ഭാഗമായി വിഷന്‍ 2030-ല്‍ ഉള്‍പ്പെടുത്തിയാണ് ടൂറിസ്റ്റ് വിസ സംവിധാനം ആരംഭിച്ചിട്ടുള്ളത്.

സൗദി ടൂറിസ്റ്റ് വിസയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത വിസ കൈവശമുള്ള മുസ്‌ലിംങ്ങള്‍ക്ക് ഉംറ നിര്‍വ്വഹിക്കുവാനുള്ള അവസരം പ്രയോജനപ്പെടുത്താം എന്നുള്ളതാണ്. ഹജജ് സീസണിലൊഴികെ സ്ത്രീകള്‍ക്ക് ഒരു പുരുഷ ബന്ധുവില്ലാതെ(മെഹ്‌റമില്ലാതെ) ഉംറ കര്‍മ്മം ചെയ്യാനാകും. അതുപോലെ ഒരു സ്‌പോണ്‍സറുടെ ആവശ്യവുമില്ല.

ലോക ടൂറിസം ദിനത്തോടനുബന്ധിച്ചായിരുന്നു കഴിഞ്ഞ ഏതാനും ദിവസം മുമ്പ് സൗദി വിനോദ സഞ്ചാര ദേശീയ പൈതൃക കമ്മീഷന്‍ (എസ്‌സിടിഎച്ച്) ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സൗദി സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിച്ച കാര്യം പ്രഖ്യാപിച്ചത്.

വിദേശ രാജ്യങ്ങളില്‍നിന്നുള്ള സൗദി കോണ്‍സുലേറ്റ്, എംബസി എന്നിവിടങ്ങളില്‍നിന്ന് സൗദിയിലേക്കുള്ള ടൂറിസ്റ്റ് വിസ ലഭ്യമാകും. അതേസമയം യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവയുള്‍പ്പെടെ 49 രാജ്യക്കാര്‍ക്ക് മുന്‍കൂട്ടിയുള്ള നടപടിക്രമങ്ങളില്ലാതെ സൗദിയിലെ വിമാനത്താവളങ്ങളില്‍വെച്ച് ഓണ്‍ അറൈവലായും വിസ ലഭിക്കും.