സല്‍മാന്‍ രാജാവിന്റെ സുരക്ഷ സൈനികന്‍ കൊല്ലപ്പെട്ടു

ജിദ്ദ: സൗദി രാജാവ് സല്‍മാന്‍ രാജാവിന്റെ അംഗരക്ഷകന്‍ മേജര്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍ ഫഗ്ഹാം കൊല്ലപ്പെട്ടു. സ്വകാര്യ തര്‍ക്കത്തിനിടെയാണ് കൊല്ലപ്പെട്ടത്. തന്റെ സുഹൃത്ത് തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സബ്ത്തിയുടെ ഹയ്യു ശാത്തിയിലെ വീട്ടില്‍ വെച്ചാണ് അബ്ദുല്‍ അസീസ് ഫഗ്ഹാം കൊല്ലപ്പെട്ടത്.

ശനിയാഴ്ച വൈകിട്ടാണ് കൊല്ലപ്പെട്ടത്. സബ്ത്തിയുടെ വീട്ടില്‍ ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ ഇരുവരുടെയും പൊതുസുഹൃത്തായ മന്‍ദൂബ് ബിന്‍ മിശ്അല്‍ അല്‍ ആല്‍ അലി അവിടേക്ക് എത്തുകയായിരുന്നു. ഇരുവര്‍ക്കുമിടയിലെ തര്‍ക്കം പറഞ്ഞുകൊണ്ടിരിക്കെ ദേഷ്യം പിടിച്ച് ഇറങ്ങിപ്പോയ മന്‍ദൂബ് ബിന്‍ മിശ്അല്‍ തോക്കുമായി തിരിച്ചെത്തി അബ്ദുല്‍ അസീസ് ഫഗ്ഹമിന് നേരെ വെടിയുതിര്‍ത്തു. വീട്ടുജോലിക്കാരനായ ഫിലിപ്പൈനി സ്വദേശിക്കും തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സബ്ത്തിയുടെ സഹോദരനും വെടിയേറ്റു.

പോലീസ് സംഭവസ്ഥലത്ത് കുതിച്ചെത്തിയെങ്കിലും പ്രതി കീഴടങ്ങാന്‍ തയ്യാറായില്ല. ഇതേതുടര്‍ന്നുണ്ടായ വെടിവെപ്പില്‍ പ്രതി മന്‍ദൂബ് ആലി കൊല്ലപ്പെടുകയും ചെയ്തു. അബ്ദുല്‍ അസീസ് ഫഗ്ഹമിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജീഫ്രീ ദാല്‍വിനോ സര്‍ബോസിയീംഗാണ് പരിക്കേറ്റ ഫിലിപ്പീനി. അഞ്ചു സുരക്ഷ സൈനികര്‍ക്കും പരിക്കുണ്ട്. ഇവര്‍ ആശുപത്രിയിലാണ്. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് മക്കാ പോലീസ് വക്താവ് അറിയിച്ചു.

അബ്ദുല്ല രാജാവിന്റെ സുരക്ഷ ഉദ്യോഗസ്ഥനായിരുന്ന അബ്ദുല്‍ അസീസ് ഫഗ്ഹം പിന്നീട് സല്‍മാന്‍ രാജാവിന്റെ സുരക്ഷ ഉദ്യോഗസ്ഥനായി ചുമതലയേല്‍ക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച പ്രൈവറ്റ് ഗാര്‍ഡായാണ് അബ്ദുല്‍ അസീസ് ഫഗ്ഹം അറിയപ്പെടുന്നത്. വേള്‍ഡ് അക്കാദമി ഫോര്‍ ട്രെയ്‌നിംഗ് ആന്റ് ഡവലപ്‌മെന്റാണ് ഇദ്ദേഹത്തെ ഏറ്റവും മികച്ച പ്രൈവറ്റ് ബോഡി ഗാര്‍ഡായി തെരഞ്ഞെടുത്തത്. ഇദ്ദേഹത്തോളം മികച്ച മറ്റൊരു പ്രൈവറ്റ് ഗാര്‍ഡില്ല എന്നായിരുന്നു ലോകത്ത് തന്നെ അറിയപ്പെട്ടിരുന്നത്. സല്‍മാന്‍ രാജാവിന്റെ യാത്രകളിലെല്ലാം ഫഹം കൂടെയുണ്ടാകുമായിരുന്നു. ജനാസ നമസ്‌കാരം ഇന്ന് ഇശാ നമസ്‌കാരത്തിന് ശേഷം മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നടക്കും.






