ദൈവാനുഗ്രഹങ്ങളില്‍ ആസ്വദിച്ച് ജീവിക്കുക: നബീല്‍ പാലത്ത്

ജിദ്ദ: ജീവിതത്തിലെ നിഖില മേഖലകളിലും മനുഷ്യ സമൂഹം അവരവര്‍ക്ക് കിട്ടിയ അവസരങ്ങളും അനുഗ്രഹങ്ങളും ആസ്വദിച്ച് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് അല്‍ഖലം ഡയറക്ടറും ട്രൈനറുമായ നബീല്‍ പാലത്ത് പറഞ്ഞു.

ആരോഗ്യം, ആയുസ്, മറ്റു ജീവിത വിഭവങ്ങള്‍ തുടങ്ങിയ അനുഗ്രഹങ്ങള്‍ക്കു പുറമെ ഒരു വിശ്വാസിയെ സംബന്ധിച്ചു സന്മാര്‍ഗമാണ് ഏറ്റവും പ്രധാനമായ ദൈവിക അനുഗ്രഹം. സമൂഹത്തില്‍ പലവിധത്തിലുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ ഉണ്ടെന്നിരിക്കെ തങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങളെ ഓര്‍ത്തു സന്തോഷത്തോടും സംതൃപ്തിയോടും സഹാനുഭൂതിയോടെയും കൂടി ആസ്വദിച്ചു ജീവിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. എത്ര തികഞ്ഞാലും മതിവരാത്ത മനുഷ്യസമൂഹം മറ്റുള്ളവര്‍ക്ക് ലഭിച്ച അനുഗ്രഹങ്ങളില്‍ പൂര്‍ണ്ണത കാണുകയും തങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങളെ ലഘൂകരിച്ചു കാണുകയും ചെയ്യുന്നു. തങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് ദൈവത്തോട് നന്ദിയും കടപ്പാടും കാണിക്കുകയും വന്നു ഭവിച്ച സന്താപങ്ങളോട് ക്ഷമ കാണിക്കുകയും ചെയ്യുന്നതോടൊപ്പം സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവരോട് സഹാനുഭൂതിയോടെ പെരുമാറുന്നവനുമാണ് യഥാര്‍ത്ഥ വിശ്വാസി എന്നും നബീല്‍ പാലത്ത് പറഞ്ഞു.

ഇസ്‌ലാഹി സെന്റര്‍ ജിദ്ദയില്‍ സംഘടിപ്പിച്ച പ്രതിവാര ക്ലാസ്സില്‍ ‘ജീവിതം ആസ്വാദ്യകരമാക്കാം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ബഷീര്‍ അഞ്ചാലന്‍, ഷക്കീല്‍ ബാബു എന്നിവര്‍ സംസാരിച്ചു.