ശമ്പളവുമില്ല, നിക്ഷേപമില്ല: ഐരാപുരം സി.ഇ.ടി കോളേജിലെ അധ്യാപകര്‍ ആത്മഹത്യാ ഭീഷണിയില്‍

കോലഞ്ചേരി: ഐരാപുരം സി.ഇ.ടി കോളേജിലെ എഴുപതോളം അധ്യാപകര്‍ക്ക് മാസങ്ങളായി ശമ്പളമില്ല. കോളേജിലെ അധ്യാപക-അനധ്യാപക ജീവനക്കാരായിരുന്നവരാണ് കോളേജ് കവാടത്തില്‍ അനിശ്ചിതകാല സമരത്തില്‍ ഇരിക്കുന്നത്. ജോലിക്കായി മാനേജ്‌മെന്റ് തങ്ങളില്‍ നിന്ന് വാങ്ങിയ നിക്ഷേപ തുക തിരികെ നല്‍കണം എന്നാണ് ഇവരുടെ ആവശ്യം.

പണം തിരികെ നല്‍കാതെ വന്നതോടെ പൂര്‍ണ്ണ ഗര്‍ഭിണിയായ അധ്യാപിക ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇ.എസ്.ഐ, പി.എഫ് തുടങ്ങിയ ആനുകൂല്യ മോഹന വാഗ്ദാനങ്ങള്‍ നല്‍കിയായിരുന്നു നിയമനം നടന്നത്. പത്തു ലക്ഷം രൂപ നിക്ഷേപമായി നല്‍കിയ അധ്യാപകര്‍ക്ക് ആറ് ലക്ഷത്തി ഇരുപതിനായിരം രൂപയോളം ശമ്പള ഇനത്തില്‍ കിട്ടാനുണ്ടെന്നും, അത് ചോദിച്ച അധ്യാപികയോട് മോശമായി സ്ഥാപന ഉടമ പോള്‍ തോമസ് പെരുമാറിയെന്നും പറയുന്നു.

100ല്‍ അധികം വരുന്ന മുന്‍ ജീവനക്കാരും ബന്ധുക്കളുമാണ് കോളേജ് കവാടത്തിന് മുന്നില്‍ മദ്യാവാക്യ വിളികളുമായി സത്യാഗ്രഹം ഇരിക്കുന്നത്. 100 കുടുംബങ്ങളെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കുക എന്ന മുദ്യാവാക്യം മുഴക്കിയാണ് ഇവരുടെ സത്യാഗ്രഹം.

പല മാധ്യമങ്ങളും വിഷയത്തെ കുറിച്ച് അറിഞ്ഞിട്ടും വാര്‍ത്തയാക്കാതെ മാറിനില്‍കുകയാണ്. പണത്തിനും പരസ്യത്തിനും മുന്നില്‍ നോക്കുകുത്തികള്‍ ആകുകയാണ് ഇന്ന് ഓരോ മാധ്യമവും. മാധ്യമ ധര്‍മം എന്ന വാക്കിന്റെ വില നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കാലത്ത് സാധാരണകാരന് നീതി ഉറപ്പാക്കാന്‍ ആരും തന്നെ ഇല്ലെന്ന അവസ്ഥയാണുള്ളത്.