പ്രളയ ദുരിതാശ്വാസ ഫണ്ട് കൈമാറി

ജിദ്ദ: ഇക്കഴിഞ്ഞ പ്രളയത്തില്‍ പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മരണപ്പെട്ട ചോലശ്ശേരി ഇബ്രാഹിമിന്റെ അനാഥരായ 3 മക്കള്‍ക്ക് വേണ്ടി ജിദ്ദ ആര്‍ട്ട് ലവേഴ്‌സ് ശേഖരിച്ച പ്രളയ സാന്ത്വന സഹായ ഫണ്ട് കൈമാറി.

17 പേര്‍ മരണപ്പെട്ട പത്തുമല ദുരന്തത്തില്‍ ഇബ്രാഹിമടക്കം കുടുംബത്തിലെ 6 പേരാണ്  മരിച്ചത്. ഇബ്രാഹിം തന്റെ ഭാര്യയെയും പത്തും ഏഴും മൂന്നും വയസുള്ള മൂന്നു മക്കളേയും ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുത്തിയാണ് മരണത്തിന് കീഴടങ്ങിയത്. ഇബ്രാഹിമിന്റെ സഹോദരങ്ങളുടെ 4 വീടുകളും ദുരന്തത്തില്‍ തകര്‍ന്നിരുന്നു.

ജിദ്ദ ആര്‍ട്ട് ലവേഴ്‌സ് കമ്മറ്റിക്ക് വേണ്ടി ഷഹാന്‍ പാക്കട, ഷമീല്‍ അഹമ്മദ് എന്നിവര്‍ ചേര്‍ന്ന് പുത്തുമലയിലെ വീട്ടിലെത്തിയാണ് പ്രദേശവാസികളോടൊപ്പം ഫണ്ട് കൈമാറിയത്. പുത്തുമലയില്‍ തന്നെ മറ്റൊരു കുടുംബത്തിന് നഷ്ടപെട്ട ജീവിതോപാതിയായ കാന്റീന്‍ പുനര്‍നിര്‍മിക്കാന്‍ ജിദ്ദ ആര്‍ട്ട് ലവേഴ്‌സ് കമ്മറ്റി നേരത്തെ സഹായം നല്‍കിയിരുന്നു.