സൗദി എണ്ണ ശുദ്ധീകരണ മേഖലയിലെ ആക്രമണം യുദ്ധതുല്ല്യം: പോംപിയോ

റിയാദ്: സൗദി അറേബ്യയിലെ എണ്ണ ശുദ്ധീകരണ മേഖലയിലുണ്ടായ ആമ്രണം യുദ്ധതുല്ല്യമായ നടപടിയാണെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറയുകയും അപലപിക്കുകയും ചെയ്തു.

‘ഇതൊരു ഇറാനിയന്‍ ആക്രമണമായിരുന്നു”, ജിദ്ദയില്‍ ഇറങ്ങുന്നതിന് മുമ്പ് തന്റെ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പോംപിയോ പറഞ്ഞു. ‘ഇത് ഒരു യുദ്ധതുല്ല്യമായ പ്രവൃത്തിയാണ്”. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി കൂടിച്ചേര്‍ത്തു.

അതേസമയം ഇറാഖില്‍ നിന്ന് ആക്രമണം നടത്തിയതായി തെളിവുകളില്ലെന്ന് പോംപിയോ പറഞ്ഞു.

പിന്നീട് പോംപിയോ സൗദി ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും കിരീടാവകാശിയുമായ  മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തി.

ആക്രമണത്തില്‍ ഇറാനില്‍ നിന്നുള്ള ക്രൂയിസ് മിസൈലുകള്‍ ഉള്‍പ്പെട്ടതായി സ്ഥിരീകരിക്കാനായതായും  അടുത്തയാഴ്ച യുഎന്‍ പൊതുസഭയില്‍ തെളിവുകള്‍ ഹാജരാക്കുമെന്നും യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

‘അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞതുപോലെ ഞങ്ങള്‍ ആരുമായും യുദ്ധം ആഗ്രഹിക്കുന്നില്ല, പക്ഷേ ആവശ്യം വന്നാല്‍ അമേരിക്ക യുദ്ധത്തിന് തയ്യാറാണെന്ന്’ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ചൊവ്വാഴ്ച പറഞ്ഞിരുന്നു.