‘മഴ തീര്‍ത്ത വഴികള്‍’ ദൃശ്യാവിഷ്ക്കാരം പുറത്തിറക്കി

ജിദ്ദ: ഈ അടുത്ത കാലത്തായി കേരളത്തിലുണ്ടായ പ്രകൃതി ദുരന്തത്തെ കുറിച്ചും ദുരന്തത്തിന്റെ വ്യഥയെ കുറിച്ചുമുള്ള കവിതയുടെ ദൃശ്യാവിഷ്‌ക്കാരം ജിദ്ദയില്‍ പുറത്തിറക്കി. ജിദ്ദയില്‍ നടന്ന ഹൃസ്വമായ ചടങ്ങിലാണ് ദൃശ്യാവിഷ്‌ക്കാരം പുറത്തിറക്കിയത്. ജിദ്ദയിലെ പ്രവാസി അദ്ധ്യാപികയുടെ വരികളാണ് ദൃശ്യാവിഷ്‌ക്കാരത്തില്‍ ഉള്‍പ്പെടുത്തിയത്.

കേരളത്തെ ഒന്നടങ്കം പ്രതേൃകിച്ച് വയനാട്, മലപ്പുറം ജില്ലയിലുള്ളവരെ കൂടുതലായി കണ്ണീരിലാഴ്തുകയും നിരവധി ജീവനുകളും വസ്തുവകകളും നഷ്ടപ്പെടുവാനും ഇടയാക്കിയ പ്രകൃതി ദുരന്തത്തിന്റെ യഥാര്‍ത്ത ചിത്രം വരച്ചുകാട്ടുന്നതായിരുന്നു ജിദ്ദയിലെ അദ്ധ്യാപികയായ സക്കീന ഓമശേരിയുടെ വരികള്‍. പ്രശസ്ത ഗായിക മെഹ്‌റിന്റെ ആലാപനം ഏറെ മികച്ചുനിന്നു. ‘മഴ തീര്‍ത്ത വഴികള്‍’ എന്ന പേരിലായിരുന്നു അജ്‌വ പ്രൊഡക്ഷന്റെ ബാനറില്‍ ജിദ്ദയിലെ പ്രവാസി സി.എച്ച് റഫീഖ് ദൃശ്യാവിഷ്ക്കാരം നിര്‍മ്മിച്ചത്. രാജീവ് റാം സംഗീതവും നിര്‍വ്വഹിച്ചു. പ്രവാസികളായ ലാലൂടീം ക്യാമറ നിര്‍വ്വഹിച്ചു.

ജിദ്ദയില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷംസുദ്ദീന്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ച് നിരൂപണം നടത്തി. സി.എം. അഹമ്മദ് അധ്യക്ഷനായിരുന്നു. സക്കീന ഓമശേരി, മുജിബ് പാക്കട, മജിദ് നഹ, സാദിക്ക് കോട്ടയം, നാസിര്‍, ശിഹാബ് കുന്നുംപുറം, സമദ് ചേരൂര്‍, ഷൗക്കത്ത് പരപ്പനങ്ങാടി, യൂസുഫ് കോട്ട, സക്കീര്‍ കണ്ണേത്ത്, അസീസ് പട്ടാമ്പി തുടങ്ങിയവരും സംസാരിച്ചു. മുസ്ഥഫ കുന്നുംപുറം സ്വാഗതവും അഷ്‌റഫ് ചൂക്കാന്‍ നന്ദിയും പറഞ്ഞു.