ഡിഫ സൂപ്പര്‍ കപ്പ് : ഇ.എം.എഫ് റാക്കയും യൂത്ത് ക്ലബ് കോബാറും ഫൈനലില്‍

ദമാം: ദമാം ഇന്ത്യൻ ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച് വരുന്ന ഡിഫ സൂപ്പര്‍ കപ്പിന്റെ സെമി ഫൈനല്‍ മത്സരങ്ങളില്‍ വിജയിച്ച് എമ്പയര്‍ റെസ്റ്റാറന്റ് ഇ.എം.എഫ് റാക്കയും ദാര്‍ അല്‍ സിഹ യൂത്ത് ക്ലബ് കോബാറും കലാശപോരാട്ടത്തിനുള്ള അര്‍ഹത നേടി.
ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിന് ഗള്‍ഫ്‌കോ യുണൈറ്റഡ് എഫ്.സി യെയാണ് ഇ.എം.എഫ് പരാജയപ്പെടുത്തിയത്. വാശിയേറിയ മത്സരത്തില്‍ ഇരു ടീമുകളും കരുതലോടെയും ആക്രമണ പ്രത്യാക്രമണത്തിലൂടെയും കളി തുടങ്ങിയപ്പോള്‍ മത്സരം വാശിയേറിയതായി. രണ്ടാം പകുതിയില്‍ കിട്ടിയ കോര്‍ണര്‍ കിക്ക് ഫ്‌ലിക്ക് ഷോട്ടിലൂടെ വലയിലെത്തിച്ചു നിസാർ യുണൈറ്റഡ് എഫ്.സിക്ക് ലീഡുനേടിയെങ്കിലും ലോങ്ങ് റേഞ്ച് ഷോട്ടിലൂടെ അഫ്‌സഹ് തിരിച്ചടിച്ച് ഇ.എം.എഫിനെ ഒപ്പമെത്തിച്ചു. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന ഘട്ടത്തില്‍ കിട്ടിയ ത്രോബോള്‍ സ്വീകരിച്ചു അഫ്‍ഹസ് നല്‍കിയ പാസ് സ്വീകരിച്ച ജാബിറിന്റെ ഷൂട്ട് പോസ്റ്റിന്റെ മൂലയില്‍ കയറിയപ്പോള്‍ രണ്ടാം ഗോളുമായി ഇ.എം. എഫ് ഫൈനലിലേക് പ്രവേശിച്ചു. കളിയിലെ താരമായി ജാബിര്‍ ചെറുവാടിയെ തെരെഞ്ഞെടുത്തു.
രണ്ടാം സെമിയില്‍ ഏകപക്ഷീയമായ രണ്ടു ഗോളിന് സുഡാള്‍ എഫ്.സി ദമ്മാമിനെ പരാജയപ്പെടുത്തിയാണ് യൂത്ത് ക്ലബ് കലാശപോരാട്ടത്തിനു യോഗ്യത നേടിയത്. കളിയുടെ തുടക്കത്തില്‍ കിട്ടിയ അവസരം മുതലാക്കി ജവാദ് യൂത്ത്ക്ലബിന് ലീഡ് നേടി. ഇരു ടീമുകളും തുടരെ തുടരെ ആക്രമണങ്ങള്‍ നടത്തിയപ്പോള്‍ മത്സരം വാശിയേറിയതായി. ഗോള്‍ തിരിച്ചടിക്കാന്‍ എഫ് .സി ദമാം തുടരെ ശ്രമം നടത്തുമ്പോള്‍ തന്നെ യൂത്ത്ക്ലബിന് അനുകൂലമായി കിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചു സവാദ് തന്റെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാന്‍ ഉറപ്പിച്ചിറങ്ങിയ എഫ്.സി ദമാമിനെ ശക്തമായ പ്രതിരോധം തീര്‍ത്ത് ക്ലബ് പിടിച്ചുകെട്ടിയപ്പോള്‍ വിജയികളായി യൂത്ത് ക്ലബ് ഫൈനലിലേക്ക് പ്രവേശിച്ചു.
രണ്ടു ഗോള്‍ നേടിയ ജവാദിനെ കളിയിലെ താരമായി തെരെഞ്ഞെടുത്തു. ദമാമിലെ സാമൂഹിക സാംസ്‌ക്കാരിക കായിക രംഗങ്ങളിലെ പ്രമുഖരായ ടി പി എം ഫസല്‍, അഷ്‌റഫ് ആലുവ, താജ് അയ്യാരില്‍, നയീം ചേന്ദമംഗല്ലൂര്‍, അബ്ദുല്‍ ഖാദര്‍, മുഹമ്മദ് നിഷാദ്, ഷറഫ് പാറക്കല്‍, സമദ് കാസര്‍കോട്, അബ്ദുല്‍ ജലീല്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. സെപ്റ്റംബര്‍ 27 നാണ് മേളയുടെ കലാശപ്പോരാട്ടം. ഡിഫ ടൂര്‍ണമെന്റ് കമ്മറ്റി ഭാരവാഹികളും വിവിധ ക്ലബ് പ്രതിനിധികളും സംഘാടനത്തിന് നേത്യത്വം നല്‍കി. അബ്ദുറഹ്മാന്‍ വാണിയമ്പലം, അര്‍ഷദ് വാഴക്കാട്,ഷിയാസ് താനൂര്‍, റിയാസ് എടത്തനാട്ടുകര എന്നിവര്‍ കളികള്‍ നിയന്ത്രിച്ചു
വാര്‍ത്ത അയച്ചത്: മുജീബ് കളത്തില്‍






