ധനേഷിന് മാസ്സിന്റെ ധനസഹായം കൈമാറി
വയനാട്: ഉരുൾപൊട്ടൽ തകർത്ത വീടിനു പകരം പുതിയ വീട് നിർമ്മിക്കാൻ വയനാട് അമ്പലവയൽ സ്വദേശി ധനേഷിന് മാസ്സ് തബൂക്ക് സമാഹരിച്ച തുക കൈമാറി.
വയനാട്ടിലെ പുത്തുമലയിൽ ഉരുൾപൊട്ടൽ ബാധിതരും നാട്ടുകാരും ചേർന്ന് നടത്തിയ ഓണാഘോഷ പരിപാടിയിൽ വെച്ച് തുറമുഖവകുപ്പ് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ ആണ് ധനേഷിനുള്ള ധനസഹായത്തിന്റെ ചെക്ക് കൈമാറിയത്.
ചടങ്ങിൽ സി.കെ ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷനായിരുന്നു. മാസിന്റെ പ്രതിനിധിയായി ജോൺസൺ പോൾ പങ്കെടുത്തു. കഴിഞ്ഞ നാലു വർഷമായി തബൂക്കിൽ വീട്ടു ജോലി ചെയ്യുകയായിരുന്ന ധനേഷ് കഴിഞ്ഞ മെയ് മാസത്തിലാണ് ശമ്പള കുടിശ്ശികയും പ്രതിസന്ധിയും മൂലം സൗദിയിൽനിന്നും ജോലി മതിയാക്കി എക്സിറ്റിൽ നാട്ടിൽ പോയത്. പുതിയ വിസയിൽ തിരികെ വരാനുള്ള ശ്രമത്തിനിടയിലാണ് കഴിഞ്ഞ ആഗസ്ത് 8 നു ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ ധനേഷിന്റെ വീടടക്കം തകർന്നത്. തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയ കുടുംബം ഇപ്പോൾ സഹോദരിയുടെ വീട്ടിലാണ് താൽക്കാലികമായി താമസിക്കുന്നത്.






