പി.എസ്.സി ചോദ്യക്കടലാസുകള്‍ മലയാളത്തില്‍ നല്‍കാനുള്ള തീരുമാനം അഭിനന്ദനാര്‍ഹം: കേളി

റിയാദ്: പി.എസ്.സി പരീക്ഷകളുടെ ചോദ്യക്കടലാസുകള്‍ ഇംഗ്ലീഷിനു പുറമേ മലയാളത്തിലും അച്ചടിച്ച് നല്‍കാനുള്ള തീരുമാനത്തെ കേളി കലാ സാംസ്കാരിക വേദിയുടെ സാംസ്കാരിക വിഭാഗം അഭിവാദ്യം ചെയ്തു.

സാഹിത്യ നായകന്‍മാരും, ശ്രേഷ്ഠഭാഷയായ മലയാളത്തെ സ്നേഹിക്കുന്ന എല്ലാവരും ഒരുമിച്ച് ആവശ്യപ്പെട്ടിട്ടും ഇത്തരമൊരാവശ്യം അംഗികരിക്കാന്‍ മടി കാണിച്ച പി.എസ്.സി അധികൃതരുടെ നടപടിയില്‍ വേദി പ്രതിഷേധം പ്രകടിപ്പിക്കുകയും എന്നാല്‍ അത്തരം ഒരാവശ്യം ന്യായമാണെന്ന് കണ്ട് അതിലിടപെട്ട് അനുകൂലമായി തീരുമാനമെടുപ്പിക്കാന്‍ മുന്‍കൈ എടുത്ത മുഖ്യമന്തി ശ്രീ പിണറായി വിജയന്‍റെ നടപടിയെ അഭിനന്ദിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു. ഈ തീരുമാനം മലയാള ഭാഷയുടെ മുന്നോട്ടുള്ള കുതിപ്പില്‍ കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നും സാംസ്കാരിക വിഭാഗം ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. കേരളത്തിലെ കോടതികളിലെ ഭാഷയും മലയാളമാക്കണമെന്ന മുഖ്യമന്ത്രിയുടെ താല്പര്യത്തെയും കേളി ശ്ലാഘിച്ചു.

മുഖ്യമന്തി ശ്രീ പിണറായി വിജയനും പി.എസ്.സി ചെയര്‍മാനും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് കേരള പി.എസ്.സി നടത്തുന്ന എല്ലാ പരീക്ഷകളിലും ഇനി മുതല്‍ ഇംഗ്ലീഷിനു പുറമേ മലയാളത്തിലും ചോദ്യപേപ്പര്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചത്.

പി.എസ്.സി പരീക്ഷകളുടെ ചോദ്യക്കടലാസുകള്‍ ഭരണഭാഷയായ മലയാളത്തിലും ലഭ്യമാക്കണമെന്ന ആവശ്യവുമായി തലസ്ഥാനത്ത് നടന്ന സമരങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളെയും സംഘടനകളെയും അഭിവാദ്യം ചെയ്യുന്നതായി കേളിയുടെ പത്രക്കുറിപ്പില്‍ പറഞ്ഞു.