പതിവ് രീതി അനുസരിച്ചു വിശുദ്ധ കഅ്ബ കഴുകി.

സാദിഖലി ശിഹാബ് തങ്ങളും എം.എ യൂസുഫലിയും പങ്കെടുത്തു.
മക്ക: എല്ലാ വര്‍ഷവും നടന്നുവരാറുള്ള പതിവ് രീതി അനുസരിച്ച് മക്കയിലെ വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് ഇന്ന്(16-09-2019) പ്രഭാതത്തില്‍ നടക്കുകയുണ്ടായി. മക്ക, മദീന ഹറം കാര്യാലയ സൂക്ഷിപ്പുകാരന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് രാജാവിന്റെ ഉപദേശകനും മക്ക പ്രവിശ്യാ അമീറുമായ ഖാലിദ് അല്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ കഅ്ബ കഴുകല്‍ ചടങ്ങിന് നേതൃത്വം നല്‍കി.

ഇന്ന്(തിങ്കള്‍) പ്രഭാത നമസ്‌ക്കാര ശേഷമായിരുന്നു കഅ്ബ കഴുകല്‍ ചടങ്ങ് നടന്നത്. ഹറം പള്ളിയിലെത്തിയ മക്കാ അമീറിനെ ഹറം കാര്യാലയ മേധാവി ഷെയ്ഖ് ഡോ. അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുദൈസും സംഘവും ചേര്‍ന്ന് സ്വീകരിച്ചു.
സംസം തീര്‍ത്ഥജലവും പനിനീരും കൂട്ടികലര്‍ത്തിയ ലായനി ഉപയോളിച്ചാണ് കഅ്ബയുടെ അകത്തെ ഭിത്തിയും നിലവും കഴുകി വൃത്തിയാക്കിയത്.

മക്ക മേഖല ഡെപൃൂട്ടി ഗവര്‍ണര്‍ ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിന്‍തിന്‍, മക്ക മേഖല അണ്ടര്‍ സെക്രട്ടറി ഹിഷാം അല്‍ ഫാലിഹ്, നിരവധി മന്ത്രിമാര്‍, വിവിധ ഇസ്‌ലാമിക രാജൃങ്ങളുടെ സൗദിയിലെ ഡിപ്‌ളോമാറ്റുകള്‍ സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍, മക്ക നിവാസികള്‍, ഹറമില്‍ ആരാധനക്കെത്തിയവര്‍ തുടങ്ങി നിരവധിപേര്‍ കഅ്ബ കഴുകല്‍ ചടങ്ങിന് സാക്ഷികളായിരുന്നു. ഇന്തൃന്‍ അംബാസിഡര്‍ ഔസാഫ് സഈദ്, കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷേഖ്, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, വ്യവസായ പ്രമുഖൻ എം.എ യൂസുഫലി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

കഅബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായപ്പോള്‍ ഹറം കാരൃാലയ മേധാവി മക്കാ അമീറിന് സ്മാരക സമ്മാനം കൈമാറി.
ഇരു ഹറമുകളുടെയും പരിപാലന വിഷയത്തില്‍ സൗദി ഭരണാധികാരികള്‍ അതീവ തല്‍പരരാണെന്ന് കഅ്ബ കഴുകല്‍ ചടങ്ങിന് ശേഷം ഷെയ്ഖ് ഡോ. അബ്ദുല്‍ റഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുദൈസ് പറഞ്ഞു. വിശുദ്ധ ഭവനങ്ങളുടെ കാര്യത്തില്‍ അതീവ താല്‍പര്യമെടുക്കുന്ന സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ദൈവാനുഗ്രഹമുണ്ടാവട്ടെ എന്നും സുദെസ് പ്രാര്‍ത്ഥിച്ചു. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എല്ലായ്‌പ്പോഴും ശ്രദ്ധിക്കുന്നവരാണ് സൗദി ഭരണാധികാരികള്‍. കഅബയുടെ പരിപാലനം രാജ്യത്തെ നേതാക്കളെ സംബന്ധിച്ചിടത്തോളം അവര്‍ക്കു അല്ലാഹുവില്‍നിന്നും ലഭിച്ച ഒരു അനുഗ്രഹമാണ്. ഹറം പരിചരണത്തിന് ഭരണാധികാരികള്‍ നല്‍കുന്ന സേവനത്തിന്റെ ഏറ്റവും അവസാനത്തെ സാക്ഷ്യമാണ് കഅബയുടെ സമീപകാല അറ്റകുറ്റപ്പണികള്‍ പൂര്‍ത്തികരിച്ചത് എന്നും സുദൈസ് കൂട്ടിച്ചേര്‍ത്തു.






