ജിദ്ദ ഒ.ഐ.സി.സി നോര്‍ക്ക സെല്‍ ഇരുപതാംഘട്ട കാര്‍ഡ് വിതരണം നടത്തി

ജിദ്ദ: ഒ.ഐ.സി.സി സൗദി വെസ്‌റ്റേണ്‍ റീജിയണൽ കമ്മിറ്റിയുടെ കീഴില്‍ പ്രവൃത്തിത്തിക്കുന്ന നോര്‍ക്ക ഹെല്‍പ് സെല്ലിന്റെ  ഇരുപതാംഘട്ട  കാര്‍ഡ് വിതരണം നടത്തി.  സെല്‍ കണ്‍വീനര്‍ നൗഷാദ് അടൂര്‍ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സി.പി  നൗഷീറിനു നല്‍കി കൊണ്ട് കാര്‍ഡിന്റെ വിതരണോത്ഘാടനം നിര്‍വ്വഹിച്ചു.  പാസ്‌പോര്‍ട്ട്, ഇഖാമ എന്നിവയുടെ സ്വയം സാക്ഷ്യപെടുത്തിയ കോപ്പിയും ഫോട്ടോയും എത്തിച്ചാല്‍  4 മുതല്‍  5 മാസങ്ങള്‍ കൊണ്ട് കാര്‍ഡ് ജിദ്ദയില്‍ വിതരണം ചെയ്യുമെന്നും നൗഷാദ് പറഞ്ഞു.

ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തിലൂടെ ഇതിനോടകം 7000 ഓളം കാര്‍ഡുകള്‍ വിതരണം ചെയ്തതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഒ.ഐ.സി.സി റീജണല്‍ പ്രസിഡണ്ട് കെ.ടി.എ മുനീര്‍ പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി  ജിദ്ദാ കേന്ദ്രമായി പ്രവൃത്തിക്കുന്ന ഒ.ഐ.സി.സി ഹെല്‍പ് ഡെസ്‌കിനോടനുബന്ധിച്ചാണ് ഈ കേന്ദ്രം തുടങ്ങിയത്. 2019 ഏപ്രില്‍ മുതല്‍  കേരളാ ഗവണ്‍മെന്റിന്റെ പ്രവാസി പെന്‍ഷന്‍ പദ്ധതിയായ പ്രവാസി ക്ഷേമനിധിയിലും അംഗമാകുന്നതിനുള്ള സൗകാര്യവും ഒരുക്കിയിട്ടുണ്ട്.

കൃത്യവും സുതാര്യവുമായി മുടക്കമില്ലാതെ പ്രവര്‍ത്തിക്കുന്ന സേവന കേന്ദ്രങ്ങള്‍ ജിദ്ദ ഒ.ഐ.സി.സിയുടെ അഭിമാന കേന്ദ്രങ്ങളാണെന്നും മുനീര്‍ പറഞ്ഞു. പ്രവാസി സേവന കേന്ദ്ര കണ്‍വീനര്‍ അലി തേക്കുതോട്, ടി.കെ അഷ്‌റഫ്, ശിഹാബ് അയ്യാലില്‍, റഫീഖ് മൂസ, ഷിബു വയനാട്, ഷമീര്‍ നദവി തുടങ്ങിയവര്‍ സംബന്ധിച്ചു.

എല്ലാ ബുധനാഴ്ചകളിലും രാത്രി 8.30 മണി മുതല്‍ 11 മണി വരെയാണ് കേന്ദ്രം പ്രവൃത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0508350151 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.