പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തില്‍ പങ്കാളികളാവുക.

ജിദ്ദ: പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തില്‍ നമ്മുടെതായ ഭാഗദേയം നിര്‍വ്വഹിക്കുക എന്നത് വിശ്വാസി സമൂഹത്തിന്റെ ബാധ്യതയാണെന്നും അത്തരത്തില്‍ സാമൂഹിക ഇടപെടലുകള്‍ കേരളീയ സമൂഹത്തിന്റെ ഇഴയടുപ്പങ്ങളെ കൂടുതല്‍ സുദ്ധൃഢമാക്കുന്നു എന്നും ഡോ. ഐ.പി അബ്ദുസ്സലാം പറഞ്ഞു. ഇന്ത്യൻ ഇസ്‌ലാഹിസെന്റെര്‍-ജിദ്ദ സംഘടിപ്പിച്ച വിജ്ഞാന സായാഹ്‌നത്തില്‍ ‘മാനവികതയുടെ സമകാലിക പാഠങ്ങള്‍’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്കുവേണ്ടി സൃഷ്ടാവിനാല്‍ നിയോഗിക്കപ്പെട്ടവരായാണ് വിശുദ്ധ ഖുര്‍ആന്‍ വിശ്വാസി സമൂഹത്തെ പരിചയപെടുത്തുന്നത്. ആരോഗ്യവും കുടുബവും, സമ്പത്തും സമാധാനവും പ്രപഞ്ച നാഥന്റെ അനുഗ്രഹമാണെന്ന തിരിച്ചറിവ് മനുഷ്യനുണ്ടാകുമ്പോള്‍ സമൂഹത്തിന് വേണ്ടി ആവേശത്തോടെ അക്ഷീണം പരിശ്രമിക്കാന്‍ വിശ്വാസികള്‍ക്കാവുന്നു എന്നും അദ്ദേഹം നിരീക്ഷിച്ചു.

കെ.എന്‍.എം മര്‍ക്കസ്സുദ്ദഅ്‌വ ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി ‘ഈമാന്‍ നല്‍കുന്ന നിര്‍ഭത്വം’ എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു. ജീവനും സ്വത്തിനും അഭിമാനത്തിനും ക്ഷതമേല്‍പ്പിക്കപ്പെടുകയും നിര്‍ഭയത്വത്തോടെയുള്ള ജീവിതത്തിനും ഭരണകൂടങ്ങളില്‍ അര്‍പ്പിക്കുന്ന പ്രതീക്ഷകള്‍ക്കും പ്രസക്തി നഷ്ടപ്പെടുക ചെയ്താലും ഏകനായ ആരാധ്യനിലുള്ള ശരിയായ വിശ്വാസവും അവനെ മാത്രമാണ് ആരാധിക്കേണ്ടത് എന്ന തിരിച്ചറിവും ഏതൊരാള്‍ക്കും ജീവിതത്തില്‍ അഭയവും നിര്‍ഭയത്വവുമേകുമെന്ന് സി.പി. ഉമര്‍ സുല്ലമി പറഞ്ഞു.

കെ.എന്‍.എം കോഴിക്കോട് നോര്‍ത്ത് ജില്ല സെക്രട്ടറി കുഞ്ഞിമുഹമ്മദ് മദനി, സി.മമ്മു കോട്ടക്കല്‍ തുടങ്ങിയവരും സംബന്ധിച്ചു. ഇന്ത്യൻ ഇസ്‌ലാഹിസെന്റെര്‍-ജിദ്ദ ജനറല്‍ സെക്രട്ടറി നൗഷാദ് കരിങ്ങനാട് പരിപാടി നിയന്ത്രിച്ചു. സി.എം ഉമര്‍ ‘ഖുര്‍ആനില്‍’ നിന്ന് അവതരിപ്പിച്ചു. ജരീര്‍ വേങ്ങര നന്ദി പറഞ്ഞു.