ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പത്തൊമ്പതാമത് ഹജ്ജ് വളണ്ടിയർ സർവീസ്, ഒരുക്കങ്ങൾ പൂർത്തിയായി.

ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വളണ്ടിയർ സർവീസ് സേവന രംഗത്തെ കഴിഞ്ഞ 18 വർഷങ്ങളിലെ പരിചയ സമ്പത്തോടെ ഈ വർഷത്തേക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ആദ്യ ഇന്ത്യൻ ഹാജി മക്കയിൽ എത്തിയത് മുതൽ ആരംഭിച്ച സേവന പ്രവർത്തനങ്ങൾ അവസാനത്തെ ഹാജിയും നാട്ടിലേക്ക് മടങ്ങുന്നതോടെയാണ് അവസാനിക്കുക.  ഇതിനായി വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണ തയ്യാറാക്കിയിരിക്കുന്നത്. മസ്ജിദുൽ ഹറം  പരിസരങ്ങൾ, അസീസിയ്യയ്യിലെ ഹാജിമാരുടെ താമസ കേന്ദ്രങ്ങൾ, ബസ് സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് എല്ലാ വെള്ളിയാഴ്ചകളിലും 150 ഓളം വളണ്ടിയർമാർ സർവീസ് നടത്തുന്നു, വഴി തെറ്റിയ ഹാജിമാരെ അവരുടെ ലക്ഷ്യങ്ങളിൽ എത്താൻ സഹായിക്കുക, ആരോഗ്യ സുരക്ഷാ കാര്യങ്ങളിൽ ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകുക എന്നിവയോടൊപ്പം രോഗികളും അവശരുമായ ഹാജിമാരെ താമസ സ്ഥലങ്ങളിലും ക്ലിനിക്കുകളിലും, ആശുപത്രികളിലും  സഹായിക്കുകയും ചെയ്യുന്നുണ്ട്, ഇതിനായി മക്ക സർവീസ് കോർഡിനേറ്റർ ഖലീൽ, വളണ്ടിയർ ക്യാപ്റ്റൻ അബ്ദുൽ ഗഫാർ എന്നിവർ നേതൃത്വം നൽകുന്നു. വെള്ളിയാഴചകളിലെ പ്രവർത്തനം കൂടാതെ മുഴുസമയ വളണ്ടിയർമാരടക്കമുള്ളവർ എല്ലാ ദിവസങ്ങളിലും ഹാജിമാരുടെ സഹായത്തിനായി മക്കയിലുണ്ട്.

ഹജ്ജ് ദിവസങ്ങളിൽ മിനായിൽ സേവനം നടത്തുന്നതിനായി റിയാദ്, ദമ്മാം, അബഹ തുടങ്ങി സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുമായി ആകെ 1250 വളന്റിയർമാരാണ് ഈ വര്ഷം സേവനത്തിനുണ്ടാവുക.  ഇവർക്കുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറായിക്കഴിഞ്ഞു.

ദുൽഹജ്ജ് 9 നു അറഫയിൽ സേവനം നൽകാനായി 125 പേരുടെ വളണ്ടിയർ സംഘം വെള്ളിയാഴ്ച വൈകുന്നേരം അറഫയിലേക്ക് പുറപ്പെടും, ഹാജിമാർക്ക് തമ്പുകളിലേക്ക് വഴികാണിക്കുകയും ആവശ്യമായ  മാർഗ്ഗനിർദ്ദേശങ്ങളും നൽകുകയും, വൈദ്യ സഹായം ആവശ്യമുള്ളവരെ ക്ലിനിക്കുകളിൽ എത്തിക്കുകയും ചെയ്യുക എന്നിവയാണ് അറഫയിലെ സേവനങ്ങൾ, അറഫയിൽ 5 പേരടങ്ങുന്ന സംഘങ്ങളായി സേവനം ചെയ്യും.

മിനായിൽ ഹജ്ജ് ദിവസങ്ങളിൽ 24 മണിക്കൂറും വളണ്ടിയർമാർ സേവനത്തിനായി ഉണ്ടാവും ഇതിനായി 7 ഏരിയ ക്യാപ്റ്റന്മാരുടെ കീഴിൽ 800 വളണ്ടിയർമാർ മിനായിലെ റോഡുകളിലും, 225  വളണ്ടിയർമാർ തമ്പുകൾ കേന്ദ്രീകരിച്ചും പ്രവർത്തിക്കും, ഇന്ത്യൻ ഹജ്ജ് മിഷന്റെ കീഴിൽ എത്തിയ ഹാജിമാരുടെ എല്ലാ  മുത്തവിഫുകളിലും  ഇവർ ഹാജിമാർക്ക് ആവശ്യമായ സേവനങ്ങൾ നൽകും, ഫ്രറ്റേർണിറ്റിയുടെ കീഴിലുള്ള വളണ്ടിയർമാർ  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായതിനാൽ ഹാജിമാർക്ക് അവരുടെ ഭാഷയിൽ തന്നെ ഉപദേശ നിർദ്ദേശങ്ങൾ നൽകാൻ സഹായകമാവും.

മിനായിലെ പ്രവർത്തനങ്ങൾക്കായുള്ള വീൽ ചെയർ 150 എണ്ണം സജ്ജമായിക്കഴിഞ്ഞു, എല്ലാ മുത്തവിഫുകളുടെയും ലൊക്കേഷനുകൾ ഉൾകൊള്ളുന്ന മിന മാപ്പ്, 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെല്പ് ഡെസ്ക് എന്നിവ വളണ്ടിയർമാരുടെ സഹായത്തിനായി പ്രവർത്തിക്കും.

ഹാജിമാർക്ക് പ്രയാസരഹിതമായി ഹജ്ജ് നിർവഹിക്കാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നാട്ടിൽ നിന്ന് തന്നെ നൽകാനായി കേരളം, തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ ഹജ്ജ് ക്യാംപുകൾ നടത്തി, ഹാജിമാർക്ക് ഉപകാരപ്പെടുന്ന നിർദ്ദേശങ്ങൾ അടങ്ങിയ ഹജ്ജ് സുരക്ഷാ ഗൈഡ് ഹാജിമാർക്ക് വിതരണം ചെയ്തു, മലപ്പുറത്ത് നടന്ന ക്യാംപിൽ 1200 ലധികം ഹാജിമാർ പങ്കെടുത്തു.

ഇന്ത്യൻ കോൺസുലേറ്റ്, മറാകിസുൽ അഹിയ , സൗദി ആരോഗ്യ മന്ത്രാലയം, സൗത്ത് ഏഷ്യൻ മുത്തവിഫ് എന്നിവരുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്.

ഹജ്ജ് വളണ്ടിയർ കോർഡിനേറ്റർ ഫൈസൽ മമ്പാട്, അസിസ്റ്റന്റ് കോഡിനേറ്റർ അബ്ദുൽ ഹകീം, വളണ്ടിയർ ക്യാപ്റ്റൻ നൗഷാദ്, ലോജിസ്റ്റിക് കോഡിനേറ്റർമാരായ ബീരാൻ കുട്ടി, ഷാഹുൽ ഹമീദ്, മീഡിയ ഇൻചാർജുമാരായ മുബഷിർ, മുദ്ദസിർ,ക്യാമ്പ് ഇൻചാർജ് മുഹമ്മദലി, ട്രൈനിംഗ് അബ്ദുൽ റഊഫ്, മെഡിക്കൽ നൗഫൽ  എന്നിവരടങ്ങുന്ന 10 അംഗ കമ്മറ്റിയാണ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്, ഇതിന് ഫ്രറ്റേർണിറ്റി ജിദ്ദ റീജണൽ പ്രസിഡണ്ട് ഫായിസുദ്ദീൻ, സിക്രട്ടറി ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകുന്നു.

പത്ര സമ്മേളനത്തിൽ ഫ്രറ്റേർണിറ്റി ജിദ്ദ റീജണൽ പ്രസിഡണ്ട് ഫായിസുദ്ദീൻ, സിക്രട്ടറി ഷംസുദ്ദീൻ,  ഹജ്ജ് വളണ്ടിയർ കോർഡിനേറ്റർ ഫൈസൽ മമ്പാട്, അസിസ്റ്റന്റ് കോഡിനേറ്റർ അബ്ദുൽ ഹകീം എന്നിവർ പങ്കെടുത്തു.