രണ്ടു വര്‍ഷത്തിനുള്ളില്‍ ബഖാലകള്‍ പദവി ശരിയാക്കണം 

ജിദ്ദ: നിലവില്‍ സൗദിയില്‍ പ്രവര്‍ത്തിക്കുന്ന ബഖാലകള്‍, മിനി സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഭക്ഷൃ വിതരണ ഷോപ്പുകള്‍ എന്നിവക്ക് മുനിസിപ്പാലിറ്റിയുടെ പുതിയ നിബന്ധന പ്രകാരം പദവി ശരിയാക്കുന്നതിന് മുനിസിപ്പല്‍ ഗ്രാമകാരൃ മന്ത്രാലയം 24 മാസം സമയം അനുവദിച്ചു.
ഇതിന്റെ ഭാഗമായി ഓരോ സ്ഥാപനങ്ങള്‍ക്കും മുനിസിപ്പാലിറ്റിയുടെ (ബലദിയ്യയുടെ) പുതുക്കിയ ലൈസന്‍സ് എടുക്കുവാനുള്ള തീരുമാനം ഉടന്‍ നടപ്പാക്കുകയും ചെയ്യും.
ഗുണഭോക്താക്കള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ള സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ആരോഗൃ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുവാനും സ്ഥാപനങ്ങളുടെ പുറം മോടിപിടിപ്പിച്ചു നവീകരിക്കുവാനുമായി മുനിസിപ്പല്‍ ഗ്രാമകാരൃ മന്ത്രാലയം കഴിഞ്ഞ ദിവസം ബഖാലകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, സെന്റര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് മുനിസിപ്പാലിറ്റിയുടെ നിലവിലെ നിയമാവലിയില്‍ മാറ്റം വരുത്തുന്നതായി അറിയിച്ചിരുന്നു.
സൗദി ബില്‍ഡിംഗ് കോഡ് അനുസരിച്ചുള്ള എല്ലാ ലൈസന്‍സുകളും ബില്‍ഡിംഗിനുണ്ടായിരിക്കണം. സ്ഥാപനങ്ങളുടെ മുന്‍ഭാഗം പൂര്‍ണ്ണമായും ഉള്‍ഭാഗത്തുനിന്നും പുറത്തുനിന്നും കാണുന്ന രീതിയില്‍ ഉറപ്പുള്ള ഗ്‌ളാസ് ഘടിപ്പിച്ചിരിക്കണം. സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ കൊമേഴ്‌സല്‍ ട്രേഡ് മാര്‍ക്കുകളൊക്കെ ഒഴിവാക്കി ഏകീകരിക്കണം.
തൊഴിലാളികള്‍ക്ക് യൂണിഫോം നടപ്പാക്കണം. ഭക്ഷൃ വസ്തുക്കള്‍ വില്പന നടത്തുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ അവരുടെ ഹെല്‍ത്ത് കാര്‍ഡ് അവരുടെ യൂണിഫോമില്‍ തൂക്കിയിടണം. ബഖാലകളില്‍ പാക്ക് ചെയ്ത ഭക്ഷൃ വസ്തുക്കള്‍, ബോഡി കെയര്‍ ഉല്‍പന്നങ്ങള്‍ പ്‌ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ ക്‌ളീനിംഗ് മെറ്റീരിയലുകളും ഉപകരണങ്ങളും എന്നിവ മാത്രമേ വില്‍ക്കുവാന്‍ അനുവാദമുണ്ടായിരിക്കുകയുള്ളു.