ജിദ്ദയില്‍ രണ്ട് പാക്കിസ്ഥാനികളെ വധശിക്ഷക്ക് വിധേയമാക്കി

ജിദ്ദ: നിരോധിത മയക്കുമരുന്ന് കടത്തു കേസിലെ പ്രതികളായ രണ്ട് പാക്കിസ്ഥാന്‍ സ്വദേശികളെ ഇന്ന് (തിങ്കളാഴ്ച) രാവിലെ ജിദ്ദയില്‍ വെച്ച് വധ ശിക്ഷക്ക് വിധേയമാക്കിയതായി സൗദി ആഭൃന്തര മന്ത്രാലയം അറിയിച്ചു.
പാക്കിസ്ഥാന്‍ പൗരന്മാരായ മുസ്‌ലിം ഖാന്‍ അര്‍സാലാഖാന്‍, മുസമ്മില്‍ ശാഹ് കലന്ദര്‍ ശാഹ് എന്നിവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്.

രണ്ട് പേരെയും രണ്ടു കേസുകളിലായാണ് സൗദി സുരക്ഷാ വിഭാഗം പിടികൂടിയത്. മുസ്‌ലിം ഖാന്‍ സൗദിയിലേക്ക് ഹിറോയിന്‍ എന്ന മയക്കുമരുന്ന് കടത്തിയ കേസിലും മുസമ്മില്‍ ശാഹ് കലന്ദര്‍ ശാഹ് ഹിറോയിന്‍, മെത്താംഫെറ്റാമൈന്‍ എന്നീ നിരോധിത മയക്കുമരുന്നുകള്‍ സൗദിയിലേക്ക് കടത്തിയ കേസിലുമാണ് പിടിക്കപ്പെട്ടത്.

പിടിയിലായ രണ്ട് പേരെയും ചോദൃം ചെയ്യുകയും തെളിവെടുപ്പുകള്‍ നടത്തുകയും ചെയ്തതിനു ശേഷം കുറ്റക്കാരാണെന്ന് ബോധൃപ്പെട്ട സാഹചരൃത്തിലാണ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. ക്രിമിനല്‍ കോടതി വിധി അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും നിയമപരമായ വിധി നടപ്പാക്കുന്നതിന് രാജ വിജ്ഞാപനം വരികയും ചെയ്ത സാഹചരൃത്തിലാണ് പ്രതികളെ വധശിക്ഷക്ക് വിധേയമാക്കിയതെന്ന് സൗദി ആഭൃന്തര മന്ത്രാലയം അറിയിച്ചു.