പെരുന്നാള്‍ ദിനത്തില്‍ മക്കയിലെ പാചക ശാലകളില്‍ ഉളുഹിയ്യത്തിന്റെ മൃഗങ്ങളെ അറവു നടത്താനാകും

പാചകശാലകളില്‍ ഉളുഹിയ്യത്തിന്റെ മൃഗങ്ങളെ അറവു നടത്താം
മുനിസിപ്പാലിറ്റിയുടെ അനുമതി മുന്‍കൂട്ടി വാങ്ങിയിരിക്കണം

മക്ക: ഹജജ് പെരുന്നാള്‍ ദിനത്തിലും തൊട്ടടുത്തുള്ള ‘അയ്യാമുത്തശ്‌രീഖിന്റെ’ മൂന്ന് ദിവസങ്ങളിലും മക്കയിലുള്ള നാട്ടുകാര്‍ക്കും താമസക്കാര്‍ക്കും പാചകശാലകളില്‍ ഉളുഹിയ്യത്തിന്റെ മൃഗങ്ങളെ അറവു നടത്താമെന്ന് മക്കാ നഗരസഭാ മേയര്‍ എഞ്ചിനീയര്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല ഖുവൈഹിസ് അറിയിച്ചു.

നേരത്തെ ഉളുഹിയ്യത്തിനായി മൃഗങ്ങളെ സര്‍ക്കാര്‍ അംഗീകൃത അറവു ശാലകളില്‍ മാത്രമേ അറവു നടത്തുവാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ഹജജിന്റെ തിരക്കുകള്‍ കാരണം മക്കയിലെ നാട്ടുകാരായ ആളുകള്‍ക്ക് ഉളുഹിയ്യത്ത് അറുക്കുന്നതിന് വലിയ പ്രയാസമാണ് നേരിടേണ്ടിവന്നിരുന്നത്. ഇതിന് പരിഹാരമായാണ് അറവു ശാലകള്‍ക്കു പുറമെ പാചക ശാലകളിലും അറവു നടത്തുവാനുള്ള അനുമതി നഗരസഭ നല്‍കിയിരിക്കുന്നത്.

ഇത്തരം അറവുകള്‍ നടത്തുന്ന പാചകശാലകള്‍ക്ക് മുനിസിപ്പാലിറ്റിയുടെ അനുമതി നിര്‍ബന്ധമാണ്. കൂടാതെ മൃഗങ്ങളുടെ ആരോഗൃ സംബന്ധമായ നിബന്ധനകള്‍ പാലിക്കുകയും വേണമെന്നും മക്ക നഗരസഭ മേയര്‍ വൃക്തമാക്കി.