മക്കയിലെ റോഡുകളില്‍ കാഴ്ച ശേഷിയില്ലാത്തവര്‍ക്ക് നടക്കുവാന്‍ പ്രതേൃക പാത തയ്യാറാക്കുന്നു

മക്ക: മക്ക നഗരസഭാവികസനത്തിന്റെ ഭാഗമായി കാഴ്ച ശക്തി നഷ്ടപ്പെട്ട ആളുകള്‍ക്ക് പരസഹായമില്ലാതെ സ്വന്തമായി തന്നെ നടക്കുവാന്‍ മക്കയിലെ ഏതാനും റോഡുകളില്‍ പ്രതേൃക പാത തയ്യാറാക്കുവാന്‍ മക്ക നഗരസഭ തീരുമാനിച്ചു.

മക്കയിലെ റോഡുകളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്ച ശേഷിയില്ലാത്തവരെയും പരിഗണിച്ചാണ് നടക്കുന്നത്. ചെറുതായി പൊങ്ങിനില്‍ക്കുന്ന കുമിളകള്‍ പോലെ ഡിസൈന്‍ ചെയ്ത മാര്‍ബിള്‍ കഷണങ്ങള്‍ പാതയായി വിരിച്ചാണ് കാഴ്ചശേഷിയില്ലാത്തവര്‍ക്ക് സ്വയം നടക്കാവുന്ന വഴി ഒരുക്കിയിരിക്കുന്നത്. മറ്റൊരാളുടെ സഹായമില്ലാതെ തന്നെ കയ്യിലുള്ള വടി ഉപയോഗിച്ച് ഉദ്ദേശിച്ച ഭാഗത്തേക്ക് നടന്നെത്താന്‍ കഴിയും.

മക്കയിലെ ഉതൈബിയ്യയിലും ഹജജ് സ്ട്രീറ്റിലേക്ക് എത്തുന്ന അല്‍ ഖാനിസ റോഡ്, സിത്തീന്‍ റോഡില്‍ നിന്നും ഷാറ മന്‍സൂര്‍ വരെയെത്തുന്ന ഇബ്ന്‍ ഹുസൈന്‍ റോഡ് തുടങ്ങിയ മക്കയിലെ ഏതാനും റോഡുകളിലാണ് പ്രാഥമികമായി ഇത് സംവിധാനിച്ചിട്ടുള്ളത്. കാഴ്ചയില്ലാത്തവര്‍ക്ക് സംവിധാനിച്ച തെരുവുകളുടെ രൂപകല്‍പ്പനയില്‍ യൂണിവേഴ്‌സല്‍ ആക്‌സസ് ഗൈഡ് നടപ്പിലാക്കിയിട്ടുണ്ടെന്ന് മക്ക നഗരസഭ വൃക്തമാക്കി.