വിദേശികള്‍ക്ക് മക്കയിലേക്ക് കടക്കുവാന്‍ ഇലക്‌ട്രോണിക് പെര്‍മിഷന്‍.

– അബു സകിയ്യ, ക്‌ളാരി –

ജിദ്ദ: ഹജജ് സീസണില്‍ വിദേശികള്‍ക്ക് വിശുദ്ധ മക്കയിലേക്ക് പ്രവേശിക്കുവാന്‍ ഇലക്‌ട്രോണിക് അനുമതി പത്രം നല്‍കുന്നതിന് അപേക്ഷകള്‍ സീകരിച്ചു തുടങ്ങിയതായി സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.

പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ ‘മുഖീം’ വെബ്‌പോര്‍ട്ടിലൂടെ അപേക്ഷകന്റെ വിവരങ്ങള്‍ നല്‍കുകയും ആവശൃമായ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്യുകയും ചെയ്തതിനു ശേഷം പാസ്‌പോര്‍ട്ട് വിഭാഗം വെരിഫിക്കേഷന്‍ നടത്തി അനുമതി പത്രം നല്‍കുന്നതായിരിക്കും. ഇങ്ങനെയുള്ള അനുമതി പത്രം പ്രിന്റെടുത്ത് അത് ഉപയോഗിച്ച് വിശുദ്ധ മക്കയിലേക്ക് കടക്കാമെന്നും പാസ്‌പോര്‍ട്ട് ഓഫീസുകളിലേക്ക് പെര്‍മിഷനുവേണ്ടി വരേണ്ടതില്ലെന്നും പാസ്സ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.

ഹജജ് സീസണില്‍ വിദേശികള്‍ക്ക് മക്കയിലേക്ക് പോകുന്നതിനുള്ള ഇലക്‌ട്രോണിക് അനുമതി രേഖയുടെ സേവനം ഇഖാമയില്‍ ഇഷൃു ചെയ്ത സ്ഥലം രേഖപ്പെടുത്താത്ത മക്കയിലെ വീട്ടുജോലിക്കാര്‍ക്കും ലഭിക്കുന്നതാണ്. ഇത്തരം വീട്ടുജോലിക്കാര്‍ക്ക് അവരുടെ ‘അബ്ശിര്‍’ വെബ് പോര്‍ട്ടിലെ ഇലക്‌ട്രോണിക് സേവനങ്ങള്‍ വഴി ഇലക്‌ട്രോണിക് അനുമതി രേഖക്ക് അപേക്ഷിക്കാവുന്നതാണെന്നും പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.

അതുപോലെ ഇഖാമയില്‍ ഇഷൃു ചെയ്ത സ്ഥലം രേഖപ്പെടുത്തിയിട്ടില്ലാത്ത മക്കയിലെ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍, ഹജജ്‌വേളയില്‍ ഗവണ്‍മെന്റ്, സ്വകാരൃ സ്ഥാപനങ്ങളില്‍ തൊഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവര്‍, മക്കയിലെ ബിസിനസ് സ്ഥാപനങ്ങളില്‍ ‘അജീര്‍’ സംവിധാനത്തിലൂടെ തൊഴില്‍ ധാരണയിലായ വിദേശികള്‍ ഇവര്‍ക്കും ഇലക്രേ്ടാണിക് അനുമതിരേഖയുടെ സേവനം ലഭിക്കുന്നതാണെന്ന് പാസ്‌പോര്‍ട്ട് വിഭാഗം വൃക്തമാക്കി.

വിദേശികള്‍ക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിന് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഹജജ് അനുമതി രേഖ, മക്കയില്‍ ഇഷൃുചെയ്ത ഇഖാമ, മക്കയിലേക്ക് കടക്കുവാനുള്ള പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ അനുമതിരേഖ ഇതിലേതെങ്കിലും ഉള്ളവര്‍ക്കേ ഹജജ് സീസണ്‍ കഴിയുന്നത് വരെ ഇനി മക്കയിലേക്ക് പ്രവേശിക്കുവാന്‍ സാധിക്കുകയുള്ളൂ.