”അജീര്‍’ സംവിധാനത്തിലൂടെ തൊഴിലാളികളെ കൈമാറ്റം ചെയ്യാമെന്ന് മന്ത്രാലയം

കമ്പനികളിലും സ്ഥാപനങ്ങളിലുമുള്ള അധികമുള്ള തൊഴിലാളികളെ മറ്റു സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്യാനാകും.
മൊത്തം തൊഴിലാളികളുടെ 20 ശതമാനത്തിലധികം കൈമാറ്റം ചെയ്യരുത്.
ജിദ്ദ: കമ്പനികളിലും സ്ഥാപനങ്ങളിലും അധികമുള്ള തൊഴിലാളികളെ ചില നിബന്ധനകളോടെ മറ്റു സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്യാവുന്ന സൗകരൃം ‘അജീര്‍’ പദ്ധതിയില്‍ പുതുതായി സംവിധാനിച്ചതായി ‘അജീര്‍’ പദ്ധതിയുടെ മാനേജര്‍ അബ്ദുല്‍ അസീസ് അബാബത്വീന്‍ വൃക്തമാക്കി. ‘അജീര്‍’ പദ്ധതി പരിചയപ്പെടുത്തുന്ന ശില്‍പശാലയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാര്‍മസി മേഖല, നിര്‍മ്മാണ മേഖല, കാര്‍ഷിക മേഖല എന്നിവയിലെ ലോ ഗ്രീന്‍ കാറ്റഗറിയിലുള്ളതോ അതിനു മുകളിലുള്ള കാറ്റഗറിയിലുള്ളതോ ആയ സ്ഥാപനങ്ങള്‍ക്ക് അവരുടെ അധികമുള്ള തൊഴിലാളികളെ മറ്റു സ്ഥാപനങ്ങളുമായി കരാറടിസ്ഥാനത്തില്‍ കൈമാറ്റം ചെയ്യാവുന്നതാണ്.
സ്ഥാപനങ്ങള്‍ ലോ ഗ്രീന്‍ കാറ്റഗറിയിലുള്ളതോ അതിനു മുകളിലുള്ള കാറ്റഗറിയിലുള്ളതോ ആയിരിക്കണം. രണ്ടു സ്ഥാപനങ്ങളും ഒരേ മേഖലയിലുള്ളതായിരിക്കണം. മൊത്തം തൊഴിലാളികളുടെ 20 ശതമാനത്തില്‍ അധികം കൈമാറ്റം ചെയ്യരുത്. നിയമാനുസൃതമായ ഇഖാമ ഉണ്ടാവണം. ‘അജീര്‍’ പോര്‍ട്ടില്‍ തൊഴില്‍ കരാര്‍ രേഖപ്പെടുത്തണം. കൈമാറ്റ കാലാവധി 12 മാസത്തിലധികം കൂടുവാന്‍ പാടില്ല തുടങ്ങിയ നിബന്ധനകളും തൊഴിലാളികളെ കൈമാറ്റം ചെയ്യുന്ന പദ്ധതിയിലുണ്ട്.
താല്‍കാലിക പ്രോജക്ടുകള്‍ക്കായി കമ്പനികള്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോള്‍ അധികമായി ഉണ്ടാവുന്ന തൊഴിലാളികളെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷൃമാണ് മുന്നില്‍ കാണുന്നതെന്നും പുതിയ റിക്രൂട്ട്‌മെന്റ് കുറക്കുന്നതിനും മറ്റുള്ളവര്‍ക്ക് തൊഴില്‍ ചെയ്യുന്നതിനായി മാത്രം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ചില കമ്പനികളെ നിയന്ത്രിക്കുന്നതിനും ഈ സംവിധാനം വഴി സാധിക്കുമെന്നും അബ്ദുല്‍ അസീസ് അബാബത്വീന്‍ പ്രതൃാശ പ്രകടിപ്പിച്ചു.
കൂടാതെ യമന്‍, സിറിയ രാജൃങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് 6 മാസത്തെ സന്ദര്‍ശന വിസയില്‍ വിവിധ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നതിന് ‘അജീര്‍’ പദ്ധതിയിലൂടെ സാധിക്കുമെന്നും അബാബത്വീന്‍ അറിയിച്ചു.






