നിയോം സിറ്റി എയർപോർട്ടിൽ ആദ്യ വിമാനമിറങ്ങി

ജിദ്ദ: സൗദി അറേബ്യയുടെ നിർദ്ദിഷ്ട ബ്രഹ്‌മാണ്ഡ പദ്ധതിയായ നിയോം സിറ്റിയുടെ നിർമ്മാണ പുരോഗതി വിളിച്ചറിയിച്ചുകൊണ്ട് നിയോം സിറ്റി എയർപോർട്ടിൽ സൗദിയയുടെ ആദ്യ വിമാനമിറങ്ങി. ഒരാഴ്ച മുമ്പാണ് കൊമേഴ്‌സൽ ലൈസൻസോടെ പ്രവർത്തന സജ്ജമായ എയർപോർട്ടിന്റെ ഉദ്‌ഘാടനം സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി മേധാവി അബ്ദുൽ ഹാദി ബിൻ അഹ്‌മദ് മൻസൂരി, സൗദി അറേബ്യൻ എയർലൈൻസ് ജനറൽ ഡയറക്ടർ എൻജിനീയർ സ്വാലിഹ് ജാസിർ, നിയോം സിറ്റി പ്രോജക്ട് സിഇഓ എൻജിനീയർ നള് മി അൽനസ്ർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നിർവ്വഹിക്കപ്പെട്ടത്
റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും പറന്നുയർന്ന സൗദിയയുടെ വിമാനത്തിൽ ആദ്യ യാത്രയിൽ സാക്ഷിയാവാൻ സൗദി ഗതാഗത വകുപ്പ് മന്ത്രി നബീൽ അമൂദിയും ഉണ്ടായിരുന്നു.
നിലവിൽ 3757 മീറ്റർ നീളത്തിലുള്ള റൺവേ, ആറു വിമാനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യം 4 എമിഗ്രേഷൻ കൗണ്ടറുകൾ, 100 കാർപാർകിംഗ് സൗകര്യം, 3643 ചതുരശ്ര മീറ്റർ വിസ്‌തീർണ്ണത്തിൽ പാസഞ്ചർ ടെർമിനൽ എന്നിവയാണ് ഉള്ളത്.
സൗദി അറേബ്യ, ഈജിപ്ത്, ജോർദാൻ എന്നീ മൂന്ന് രാഷ്ട്രങ്ങളുടെ അതിർത്തിപ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയർപോർട്ട് എന്ന നിലയിൽ ഭൂമിശാസ്‌ത്രപരമായി മധ്യ പൗരസ്ത്യ മേഖലയിൽ പ്രധാനപ്പെട്ട ഒരു കൊമേഴ്‌സൽ ഹബ്ബായിട്ടാണ് നിയോം സിറ്റിയിലെ എയർപോർട്ട് കണക്കാക്കപ്പെടുന്നത്. ലോകത്തെ 70 ശതമാനം ജനങ്ങൾക്കും പരമാവധി 8 മണിക്കൂറിനുള്ളിൽ ഈ എയർപോർട്ടിലേക്ക് പറന്നെത്താൻ സാധിക്കും






