രാജ്‌കുമാറിന്‍റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടിരുന്നെന്ന് അമ്മ

പീരുമേട്: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ രാജ്‌കുമാറിനെ പോലീസ് മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി അമ്മ കസ്തൂരി. മകനെ കൊലപ്പെടുത്തിയത് പൊലീസിന് കൈക്കൂലി നൽകാഞ്ഞതിനാലാണെന്ന് കസ്തൂരി ആരോപിച്ചു. രാജ്‌കുമാറിനെ പോലീസ് ക്രൂരമായി മർദ്ദിച്ചുവെന്നും കസ്തൂരി കൂട്ടിച്ചേർത്തു.

കോട്ടയം മെഡിക്കൽ കോളജിൽ എത്തിയാണ് മകന്റെ മൃതദേഹം കണ്ടത്. രാജ്‌കുമാറിന്റെ ഒരു പല്ല് നഷ്ടപ്പെട്ടിരുന്നു.മൃതദേഹത്തിൽ പാടുകൾ കണ്ടിരുന്നെന്നും അമ്മ കസ്തൂരി കൂട്ടിച്ചേർത്തു. രാജ്‌കുമാറിനെ പോലീസ് ജീപ്പിലിട്ട് മർദ്ദിച്ചു. റൂൾ തടി കൊണ്ട് മർദ്ദിച്ചതായും കസ്തൂരി വെളിപ്പെടുത്തി.

രാജ്‌കുമാറിനെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ട് വന്നപ്പോൾ താൻ അവിടെ ഉണ്ടായിരുന്നില്ല. അവിടെ വെച്ച്, പോലീസ് തല്ലുന്നത് കണ്ടുവെന്ന് അയൽവാസികൾ പറഞ്ഞു.രാജ്‌കുമാർ വേദന കൊണ്ട് അലറിക്കരഞ്ഞുവെന്ന് അയൽവാസികൾ പറഞ്ഞതായും കസ്തൂരി ഓർത്തു.

കസ്തൂരി പല തവണ നെടുങ്കണ്ടം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ രാജ്‌കുമാറിനെ ചോദ്യം ചെയ്യുകയാണെന്ന മറുപടിയാണ് ലഭിച്ചത്. രാജ്‌കുമാർ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ നിയമം നൽകുന്ന ശിക്ഷ നൽകണമായിരുന്നു. രാജ്‌കുമാർ മറ്റുള്ളവരിൽ നിന്ന് തട്ടിയെടുത്തെന്ന് പറയുന്ന പണം വീട്ടിൽ സൂക്ഷിച്ചിട്ടില്ലെന്നും കസ്തൂരി പറഞ്ഞു.