ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു മരിച്ചു.

– മുജീബ് കളത്തില്‍ –

ദമാം: മലപ്പുറം നിലമ്പൂര്‍ കാളികാവ് പതിനൊന്നാം മൈലില്‍ അരിമണല്‍ നീലേങ്കോടന്‍ സാദിഖ് (29) ദമാംമിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു മരിച്ചു. അറേബൃന്‍ ട്രേഡിങ്ങ് സപ്‌ളൈ കമ്പനിയില്‍ വെയര്‍ ഹൗസ് ഇന്‍ചാര്‍ജ് ആയ ഇദ്ദേഹം അല്‍ കോബാര്‍ തുഖ്ബയില്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞു മടങ്ങാന്‍ ഒരുങ്ങവെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള അഖ്‌റബിയ കിംഗ് ഫഹദ് സ്‌പെഷൃലിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോബാര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പുതിയ ക്ലബ് ആയ ഫോര്‍സ എഫ് സിയുടെ മികച്ച കളിക്കാരനായ ഇദ്ദേഹത്തിന്റെ മരണ വാര്‍ത്തയറിഞ്ഞു ദമാം ഇന്തൃന്‍ ഫുടബോള്‍ അസോസിയേഷന്‍ ഭാരവാഹികളടക്കമുള്ള ഫുട്ബാള്‍ പ്രേമികളായ നൂറു കണക്കിനാളുകളും ആശുപത്രിയിലെത്തി. മൃതദേഹം ദമാമില്‍ തന്നെ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി സാമൂഹൃ പ്രവര്‍ത്തകരായ നാസ് വക്കവും ജാഫര്‍ കൊണ്ടോട്ടിയും രംഗത്തുണ്ട്.

അവിവാഹിതനാണ്. പിതാവ്: നീലേങ്കോടന്‍ കുഞ്ഞിമുഹമ്മദ്. മാതാവ്: ജമീല. സഹോദരങ്ങള്‍: ഹസീന, ആരിഫ, സിദ്ധീഖ് (കോബാര്‍). മുജീബ് കാളികാവ്, മുസ്തഫ കോട്ടക്കല്‍ (കുവൈത്ത്) എന്നിവര്‍ സഹോദരി ഭര്‍ത്താക്കന്‍മാരാണ്.
സാദിഖിന്റെ ആകസ്മിക വിയോഗം പ്രവാസ ലോകത്തെ കായിക പ്രേമികളെ ദുഖത്തിലാഴ്ത്തി. നല്ല പെരുമാറ്റവും സൗഹൃദവും പ്രകടിപ്പിക്കുകയും കളിക്കളങ്ങളില്‍ നിറഞ്ഞ സാന്നിധൃവുമായ സാദിഖിന്റെ വിയോഗം പരിചിതര്‍ക്ക് ഇപ്പോഴും താങ്ങാനാവുന്നില്ല.

വാരാന്തൃ ദിവസങ്ങളില്‍ ഫോര്‍സ ക്ലബ് സംഘടിപ്പിക്കാറുള്ള കളിയില്‍ വളരെ ആവേശപൂര്‍വ്വമാണ് സഹോദരന്‍ സിദ്ദീഖിനോടൊപ്പം വൃഴാഴ്ച്ച രാത്രി ഇദ്ദേഹം മൈതാനത്ത് എത്തിയത്. കളി കഴിഞ്ഞ് സുഹൃത്തുക്കളുമായി സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ടീമിന്റെ പ്രതിരോധ നിരയിലെ മികച്ച കളിക്കാരനായിരുന്ന സാദിഖിന്റെ വിയോഗത്തില്‍ ദമാം ഇന്തൃന്‍ ഫുട്‌ബോള്‍ അസോസിയേഷനും കോബാര്‍ ഫോര്‍സ എഫ് സി മാനേജ്‌മെന്റും അനുശോചനം രേഖപ്പെടുത്തി. ഡിഫ പ്രസിഡന്റ് ഡോ: അബ്ദുല്‍സലാം കണ്ണിയന്‍ നാട്ടിലുള്ള സാദിഖിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.