അല്‍ കിദ്‌യ പാര്‍ക്ക് പദ്ധതി രൂപരേഖ തയ്യാറായി.

അബു സകിയ്യ, ക്‌ളാരി

റിയാദ്: സൗദി അറേബൃയിലെ ഏറ്റവും വലിയ വിനോദ കായിക സാംസ്‌കാരിക കേന്ദ്രമായ അല്‍ കിദ്‌യ പദ്ധതിയുടെ പൊതു രൂപരേഖ പൂര്‍ത്തിയായാതായി അല്‍ കിദ്‌യ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി അറിയിച്ചു. 5 വികസന മേഖലകള്‍ ഉള്‍ക്കൊള്ളുന്നതാണ് അല്‍ കിദ്‌യ പാര്‍ക്ക്. രാജൃത്തെ കലാ കായിക വിനോദ രംഗത്തെ തലസ്ഥാനമായാണ് അല്‍ കിദ്‌യ പദ്ധതിയെ കാണുന്നത്.

വിനോദ റിസോര്‍ട്ട്, സിറ്റിസെന്റെര്‍, പ്രകൃതി മേഖല, കൗതുക മേഖല, അപ്പാര്‍ട്ട്‌മെന്റും സ്വര്‍ണ്ണഖേലയും തുടങ്ങിയ അഞ്ച് മേഖലകളുടെ പ്‌ളാനിങ് പൂര്‍ത്തിയായി.

അല്‍ കിദ്‌യയുടെ ഹൃദയഭാഗത്താണ് വിനോദ റിസോര്‍ട്ട് മേഖല വരുന്നത്. ഇതില്‍ സെന്‍ട്രല്‍ കൊമേഴ്‌സൃല്‍ മേഖലയുടെ ചുറ്റം സംവിധാനിച്ച 4 ടൂറിസം ഏരിയകളും ഹോട്ടല്‍ കോംപ്‌ളക്‌സും ഉള്‍ക്കൊള്ളുന്നതാണ്. ഈ മേഖലയില്‍ 4000 – 5000 സന്ദര്‍ശകരെ ഉള്‍ക്കൊള്ളുവാനുള്ള ശേഷി ഉണ്ട്.

സെന്റര്‍ സിറ്റി മേഖല എന്നത് സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ഏരിയയാണ്. 20,000 പേര്‍ക്ക് ഇരിക്കാവുന്ന സ്‌റ്റേഡിയം മലയുടെ മുകളില്‍ നിര്‍മ്മിക്കും. 18,000 സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയവും വാട്ടര്‍ ഗെയിം, സെന്ററുകള്‍, വിവിധ കലാ കായിക പ്രകടനങ്ങള്‍ നടത്തുന്ന സ്ഥലങ്ങള്‍ എന്നിവയും ഉള്‍ക്കൊള്ളുന്നതാണ് സെന്റെര്‍ സിറ്റി മേഖല.

തെളിഞ്ഞ അന്തരീക്ഷവും ഇളം കാറ്റും ധാരാളമായി ഉണ്ടാവുന്ന സ്ഥലമാണ് പ്രകൃതി മേഖല. സ്വന്തമായി കഴിയുവാനും സാഹസികത താല്പരൃമുള്ളവര്‍ക്ക് അതിനുള്ള സൗകരൃങ്ങളും ഹോസ്പിറ്റാലിറ്റി സെന്ററുകളും ഇവിടെ ഉണ്ടായിരിക്കും.

പരീക്ഷണങ്ങളുടെയും അനുഭവങ്ങളുടെയും ഇടമാണ് കൗതുക മേഖല. കൗതുക രംഗത്ത് വിവിധ ടെക്‌നോളജിയുടെയും ശാസ്ത്രങ്ങളുടെയും ശേഖരങ്ങള്‍ ഇവിടെയുണ്ടാവും വിവിധ ക്ലബുകള്‍, 15 കിലോമീറ്റര്‍ നീളത്തിലുള്ള കാര്‍ റേസിംഗ് ട്രാക്കുകള്‍, കുതിരയോട്ട വേദികള്‍, സാഹസിക ഡ്രൈവിംഗ് ഏറിയ തുടങ്ങിയവയും ഇവിടെ സംവിധാനിക്കും.

അല്‍ കിദ്‌യ പാര്‍ക്കിന്റെ മധൃത്തിലായാണ് അപ്പാര്‍ട്ടമെന്റ് ആന്റ് ഗോള്‍ഫ് സെന്റര്‍ സ്ഥാപിക്കുന്നത്. 18 ഗോള്‍ഫ് ഗെയിം സെന്ററുകള്‍, ഹെല്‍ത്ത് റിസോര്‍ട്ട്, ലക്ഷറി ഹോട്ടലുകള്‍, വിവിധ ബിസിനസ് സെന്ററുകള്‍, ഫ്‌ലാറ്റുകളും വില്ലകളും വിശ്രമ കേന്ദ്രങ്ങളും എല്ലാം അടങ്ങിയതാണ് ഈ മേഖല.

സൗദി വിഷന്‍ 2030ന്റെ ഭാഗമായി നടപ്പാക്കുന്ന ഈ വന്‍ പദ്ധതിയുടെ ശിലാസ്ഥാപനം 2018 ഏപ്രില്‍ മാസത്തിലാണ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍വ്വഹിച്ചത്. 334 കിലോമീറ്റര്‍ സ്‌ക്വയറില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തേക്ക് റിയാദില്‍ നിന്നും മക്ക ഹൈവേയിലൂടെ 40 മിനുട്ട് കൊണ്ടും എത്താവുന്ന ദൂരമേ ഉള്ളൂ.