മിനായില്‍ കിംഗ് അബ്ദുല്ല പാലത്തിനു സമാന്തരമായി നടപ്പാലം വരുന്നു

– അബു സകിയ്യ, ക്‌ളാരി –

മക്ക: മിനായുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ കിംഗ് അബ്ദുല്ല പാലത്തിനു സമാന്തരമായി തീര്‍ത്ഥാടകര്‍ക്ക് നടക്കാന്‍ സൗകരൃത്തിനായി സമാന്തര പാലം വരുന്നു. കിംഗ് അബ്ദുല്ല പാലത്തിനോട് ചേര്‍ന്ന് അതിന്റെ പടിഞ്ഞാറു ഭാഗത്താണ് സമാന്തര പാലം നിര്‍മ്മിക്കുന്നത്.

അസീസിയ്യയില്‍ നിന്നും മിനയുടെ കുറുകെ ശരായിലേക്കും അതുവഴി ത്വാഇഫിലേക്കും പോകുന്ന പ്രധാന വഴിയാണ് കിംഗ് അബ്ദുല്ല പാലം. മൂന്ന് മാസം മുമ്പാണ് പാലം അടച്ചിട്ടത്. സമാന്തര പാലത്തിന്റെ 65 ശതമാനം ജോലികളും പൂര്‍ത്തിയായതായി മക്ക വികസന അതോറിറ്റി അറിയിച്ചു.

ഹജജ് വേളയില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് കിംഗ് അബ്ദുല്ല പാലം. ഇവിടെ വാഹനങ്ങളും തീര്‍ത്ഥാടകരും തിങ്ങിനിറഞ്ഞു പലപ്പോഴും മണിക്കൂറുകളോളം സ്തംഭനാവസ്ഥ ഉണ്ടാവാറുണ്ട്. ഇതിനു ഒരു അറുതി വരുത്തുവാനാണ് ഈ പാലത്തിനു സമാന്തരമായി മറ്റൊരു പാലവും കൂടി വരുന്നത്. ഒന്ന് തീര്‍ത്ഥാടകര്‍ക്ക് നടക്കുവാനും മറ്റൊന്ന് വാഹനങ്ങള്‍ക്ക് പോകുവാനും ഉദ്ദേശിച്ചാണ് ഇത് നിര്‍മ്മിക്കുന്നതെന്ന്. 2019 മാര്‍ച്ച് 27 നു തുടങ്ങിയ സമാന്തര പാലത്തിന്റെ ജോലികള്‍ ഈ വര്‍ഷം ജൂലൈ പകുതിയോടെ പൂര്‍ത്തിയാകുമെന്ന് മക്ക വികസന അതോറിറ്റി അറിയിച്ചു.