സൗദിയുടെ ആകാശത്തിലൂടെ വിമാനം പറത്താന്‍ ഇനി വനിതകളും

ജിദ്ദ: സൗദിയിലെ ആദൃത്തെ വനിത പൈലറ്റ് സ്ഥാനം സൗദി വനിത യാസ്മീന്‍ മൈമനിക്ക്. സ്വകാരൃ വിമാനക്കമ്പനിയായ ‘നസ്മ” എയര്‍വേഴ്‌സിന്റെ അല്‍ഖസീം തബൂക്ക് ചാപ്റ്ററിലാണ് യാസ്മീന്‍ മൈമനി എന്ന സ്വദേശി യുവതി കഴിഞ്ഞ ദിവസം വിമാനമോടിച്ച് തന്റെ സ്വപനം സാക്ഷാത്കരിച്ചത്.
ഉപരിപഠനത്തിനുശേഷം സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ലൈസന്‍സ് യാസ്മീന്‍ മൈമനി കരസ്ഥമാക്കി. ആറു വര്‍ഷത്തോളം കോ പൈലറ്റ് ആയി സേവനം ചെയ്യുകയായിരുന്നു. സ്വന്തമായി പൈലറ്റ് ആവണമെന്ന മോഹം ഇപ്പോഴാണ് പൂര്‍ത്തിയാക്കിയതെന്ന് യാസ്മീന്‍ മൈമനി ഒരു സ്വകാരൃ മാധൃമത്തോട് പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ച് മാസമാണ് ‘നസ്മ” എയര്‍ക്രാഫ്റ്റില്‍ പരിശീലകയായി കയറിയത്. പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുകയും എല്ലാ പരീക്ഷയിലും മികച്ച നേട്ടം കൈവരിക്കുകയും ചെയ്തതിന് ശേഷമാണ് വിമാനം പറത്തുവാനുള്ള അവസരം ലഭിച്ചതെന്നും അവര്‍ വൃക്തമാക്കി.
തങ്ങള്‍ സെലക്ട് ചെയ്ത 11 ട്രൈനര്‍മാരില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വൃക്തിയാണ് യാസ്മീന്‍ മൈമനി. ജോലിയോടും കമ്പനിയോടും ആത്മാര്‍ഥത പുലര്‍ത്തുന്നവരാണെന്നും ‘നസ്മ”യുടെ ഓപ്പറേഷന്‍ മാനേജര്‍ അഹ്മദ് ജുഹനി പറഞ്ഞു.





