ആഭൃന്തര ഹാജിമാരുടെ ബേഗേജുകള്‍ ഇനി സൗദി പോസ്റ്റ് നോക്കികൊള്ളും.

– അബു സകിയ്യ ക്ലാരി-

ജിദ്ദ: ഹജജ് വേളയില്‍ ബേഗുകള്‍ കൂടെ ചുമന്ന് പ്രയാസമനുഭവിക്കുന്ന അഭൃന്തര ഹാജിമാര്‍ക്ക് ആശ്വാസമായി സൗദി പോസ്റ്റ് രംഗത്തുണ്ടാകും. സൗദിയുടെ ഏതു ഭാഗത്തുള്ള ഹാജിയുടേയും വീട്ടില്‍ ചെന്ന് അവരുടെ ബേഗുകള്‍ എടുത്ത് മക്കയില്‍ അവര്‍ താമസിക്കുന്ന സ്ഥലത്ത് എത്തിക്കുന്ന ജോലി ഇനി മുതല്‍ സൗദി പോസ്റ്റ് നിര്‍വ്വഹിച്ചുകൊള്ളും. ഹജജ് കഴിഞ്ഞതിന് ശേഷം അവരുടെ ബേഗുകള്‍ തിരിച്ചു വീട്ടിലെത്തിക്കുകയും ചെയ്യും. ബേഗുകള്‍ ചുമക്കുന്ന ജോലി സംബന്ധമായ പദ്ധതിയെകുറിച്ച് സൗദി പോസ്റ്റ് ആലോചിക്കുന്നുണ്ട്.

പരീക്ഷണാടിസ്ഥാനത്തില്‍ ഈ വര്‍ഷം സേവനത്തിനിറങ്ങുവാനാണ് സൗദി പോസ്റ്റ് ആലോചിക്കുന്നത്. രണ്ടോ മൂന്നോ കമ്പനികളുടെ പങ്കാളിത്വത്തോടെ പദ്ധതി നടപ്പാക്കുവാനാണ് സൗദി പോസ്റ്റ് ഈ വര്‍ഷം ആലോചിക്കുന്നത്. പിന്നീട് അതിന്റെ ഗുണദോഷങ്ങള്‍ മനസ്സിലാക്കി തുടര്‍വര്‍ഷങ്ങളില്‍ പദ്ധതി വിജയിപ്പിക്കുവാനുമാണ് സൗദി പോസ്റ്റ് പദ്ധതിയിടുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഹജജ് സേവന കമ്പനികളും സ്ഥാപനങ്ങളുമായി സൗദി പോസ്റ്റ് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കി പുരോഗതി വിലയിരുത്തും. അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പദ്ധതി നടപ്പാക്കും. ഭാവിയില്‍ ഹാജിമാര്‍ക്ക് ബേഗിന്റെ പ്രയാസം ഇല്ലാതെ തന്നെ സ്വതന്ത്രരായി ഹജജ് ചെയ്യുവാനുള്ള അവസരം സൃഷ്ടിക്കുക എന്ന ലക്ഷൃത്തിലേക്ക്  സേവനങ്ങള്‍ വിപുലപ്പെടുത്താനാകുമെന്നാണ് സൗദി പോസ്റ്റ് പ്രതീക്ഷിക്കുന്നത്.

രണ്ടു രീതിയിലുള്ള സേവനങ്ങളാണ് സൗദി പോസ്റ്റ് മുന്നോട്ട് വെക്കുന്നത്. ഒന്ന് ബേഗുകള്‍ ഹാജിയുടെ വീട്ടില്‍ നിന്നും എടുക്കുക. ഇതിന് ബേഗ് ഒന്നിന് 100 റിയാല്‍ ഫീസ് ഈടാക്കും. മറ്റൊന്ന്, തൊട്ടടുത്തുള്ള സൗദി പോസ്റ്റ് ഓഫീസില്‍ ഹാജിമാര്‍ ബേഗുകള്‍ ഏല്‍പിക്കുന്ന രീതിയാണ്. സൗദി പോസ്റ്റ് ഓഫീസില്‍ ഏല്‍പിക്കുന്ന സേവനത്തിന് 70 റിയാലാണ് ഫീസ് ഈടാക്കുക.

ഏതായാലും ആഭൃന്തര ഹാജിമാര്‍ക്ക് ഇനി മുതല്‍ വാഹനങ്ങളിലും നടന്നും പോകുമ്പോള്‍ കൂടെ ബേഗ് ചുമക്കുക എന്ന വലിയ പ്രതിസന്ധിക്കാണ് പരിഹാരം ഉണ്ടാകുവാന്‍ പോകുന്നത്.