സാംസ്‌കാരിക മന്ത്രാലയം റിയാദില്‍ സംഗീത നിശ സംഘടിപ്പിക്കുന്നു

– അബു സകിയ്യ ക്ലാരി-
റിയാദ്: സൗദി സാംസ്‌കാരിക മന്ത്രാലയം രാജൃത്ത് ഇദംപ്രഥമമായി ‘ലാസ്‌കാല’ എന്ന പേരിലുള്ള പ്രസിദ്ധ ഇറ്റാലിയന്‍ ഓര്‍ക്കസ്ട്രയുടെ സംഗീത നിശ സംഘടിപ്പിക്കുന്നു. ജൂണ്‍ 14 വെള്ളിയാഴ്ച വൈകുന്നേരമാണ് റിയാദിലെ കിംഗ് ഫഹദ് കള്‍ച്ചറല്‍ സെന്ററില്‍ സംഗീത നിശ നടക്കുക. https://moc.gov.sa/ar/events/209 എന്ന സൈറ്റിലൂടെ റജിസ്റ്റര്‍ ചെയ്തു പൊതുജനങ്ങള്‍ക്ക് സൗജനൃമായി സംഗീതനിശയില്‍ പങ്കെടുക്കാവുന്നതാണ്.
‘ഇറ്റാലിയന്‍ ഒബ്രീലിയന്‍ യാത്ര’ എന്ന പേരിലാണ് സംഗീത നിശ ട്രൂപ്പ് അറിയപ്പെടുന്നത്. ഇറ്റലിയിലെ പ്രശസ്ത ക്ലാസിക് സംഗീതജ്ഞനായ മെസ്‌ട്രോ പീറ്ററോ മിയാണിറ്റി നയിക്കുന്ന എട്ട് ക്‌ളാസിക്ക് സംഗീത ശലകങ്ങളാവും ചടങ്ങില്‍ അവതരിപ്പിക്കുക. ഇറ്റാലിയന്‍ ക്ലാസിക്കല്‍ സംഗീതങ്ങളുടെ സുവര്‍ണ്ണ കാലഘട്ടമായി അറിയപ്പെടുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ സംഗീത്തിന്റെ പുതിയ വികാസമായിരിക്കും ലാസ്‌കാല സംഗീത നിശയില്‍ പ്രകടമാവുക എന്ന് സംഘാടകര്‍ അറിയിച്ചു.
വിവിധ സംസ്‌കാരങ്ങളുടെയും സംഗീതങ്ങളുടെയും അഭിരുചികള്‍ ആസ്വദിക്കുന്നവര്‍ക്ക് മുന്നില്‍ പുതിയ ലോകത്തേക്കുള്ള കവാടങ്ങള്‍ തുറന്നിടുന്നതിനാണ് സാംസ്‌കാരിക മന്ത്രാലയം സംഗീത നിശ സംഘടിപ്പിക്കുന്നത്. കൂടാതെ ലോകോത്തര ഓര്‍ക്കെസ്ട്ര സൗദിയില്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തുന്നതോടെ ലോകത്തോടുള്ള സൗദിയുടെ സാംസ്‌കാരിക വിനിമയങ്ങള്‍ സുഗമമമാകുന്നതിനും സഹായകമാവും.
‘ലാസ്‌ക്കാല’ ലോകത്തെ ഏറ്റവും പ്രശസ്തമായ ഇറ്റാലിയന്‍ ഓര്‍ക്കസ്ട്രയാണ്. 250ഓളം വര്‍ഷം അതിന് പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്.






