സൗദി ട്രാഫിക് പോലീസില്‍ വനിതകള്‍ വരുന്നു.

സൗദി ട്രാഫിക് പോലീസില്‍ വനിതകള്‍ വരുന്നു. പരിശീലനം ലഭിച്ച വനിതകളെയാണ് ട്രാഫിക് പോലീസില്‍ നിയമിക്കുക. പട്രോള്‍ പോലീസിലും ഹൈവേ പോലീസിലും വനിതകളെ നിയമിക്കും.

സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമിയാണ് ട്രാഫിക് പോലീസില്‍ വൈകാതെ വനിതകളെ നിയമിക്കുമെന്ന കാരൃം അറിയിച്ചത്. വിവിധ സുരക്ഷാ വകുപ്പുകളില്‍ വനിതകളെ നിയമിക്കുന്നതിന് പൊതുസുരക്ഷാ വകുപ്പ് മേധാവിയുടെ നിര്‍ദേശ പ്രകാരം സൗദി വനിതകള്‍ക്ക് ഇതിനകം പരിശീലനം നല്‍കിയിട്ടുണ്ട്. ഇവരില്‍നിന്നാണ് ട്രാഫിക് പോലീസിലേക്ക് വനിതകളെ നിയമിക്കുക. പട്രോള്‍ പോലീസിലും ഹൈവേ പോലീസിലും വനിതകളെ നിയമിക്കുന്നതിനും പദ്ധതി ഉണ്ടെന്നും മുഹമ്മദ് അല്‍ ബസ്സാമി പറഞ്ഞു.

സൗദിയില്‍ നേരത്തെ വനിതകള്‍ക്ക് ഡ്രൈവിംഗിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ വനിതകള്‍ക്ക് ലൈസിന്‍സുകള്‍ അനുവദിക്കുന്നതിന് വേണ്ടത്ര സൗകരൃങ്ങള്‍ ലഭിച്ചിരുന്നില്ല. കൂടുതല്‍ സൗകരൃങ്ങള്‍ ഒരുക്കാന്‍ ട്രാഫിക് ഡയറക്ടറേറ്റ് ശ്രമിച്ചുവരികയാണെന്നും മുഹമ്മദ് അല്‍ ബസ്സാമി പറഞ്ഞു. വനിതകളില്‍നിന്നും ലൈസിന്‍സിനായി കൂടുതല്‍ അപേക്ഷകരെത്തുന്നുണ്ട്. വര്‍ധിച്ചുവരുന്ന ഡ്രൈവിംഗ് ലൈസന്‍സ് ആവശൃം നിറവേറ്റുന്നതിന് ട്രാഫിക് ഡയറക്ടറേറ്റ് ശ്രമിച്ചുവരുന്നുണ്ട്. അല്‍ബാഹ, ഹായില്‍, അല്‍ഖസീം, നജ്‌റാന്‍ എന്നിവിടങ്ങളില്‍ ഉടന്‍ വനിതകള്‍ക്കുള്ള ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മുഹമ്മദ് അല്‍ ബസ്സാമി കൂടിച്ചേര്‍ത്തു.