കേന്ദ്രമന്ത്രി അല്‌ഫോണ്‍സ് കണ്ണന്താനം വീണ്ടും വിവാദത്തില്‍.

പറവൂര്‍: വിവാദങ്ങളുടെ തോഴനായ കേന്ദ്രമന്ത്രി അല്‌ഫോണ്‍സ് കണ്ണന്താനം വീണ്ടും വിവാദത്തില്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി എത്തിയത് മുതല്‍ വീണ്ടും വിവാദങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും തുടക്കമിട്ടു കണ്ണന്താനം. വോട്ടഭൃര്‍ത്ഥിക്കാന്‍ കോടതിയില്‍ കയറിയതാണ് പുതിയൊരു വിവാദത്തിന് കൂടി തിരികൊളുത്തിയിരിക്കുന്നത്.
വോട്ടഭൃര്‍ഥിക്കാന്‍ പറവൂരിലെത്തിയ അല്‍ഫോന്‍സ് കണ്ണന്താനം പറവൂര്‍ അഡീഷണല്‍ സബ് കോടതി മുറിയില്‍ കയറിയതാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.
വൃാഴാഴ്ച രാവിലെയാണ് വോട്ടഭൃര്‍ത്ഥിക്കുന്നതിനിടെ കണ്ണന്താനം പറവൂര്‍ കോടതിയിലെത്തിയത്. ബാര്‍ അസോസിയേഷന്‍ നേതാക്കളെയും വക്കീലന്മാരെയും കണ്ട് വോട്ടഭൃര്‍ത്ഥിച്ച ശേഷം അബദ്ധത്തില്‍ സമീപത്തുള്ള അഡീഷണല്‍ സബ് കോടതി മുറിയിലേക്ക് കയറി അവിടെയുണ്ടായിരുന്നവരോടും വോട്ടഭൃര്‍ത്ഥിക്കുകയായിരുന്നു.
ചട്ടലംഘനം നടന്നതായി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി കൊടുക്കുന്നത് പരിശോധിച്ചുവരികയാണെന്ന് ബാര്‍ അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ കോടതിയില്‍ കയറിയതേയുള്ളൂവെന്നും വോട്ടഭൃര്‍ഥിച്ചില്ലെന്നുമാണ് ബി.ജെ.പി നേതാക്കളുടെ വാദം.






