റൗദയില്‍ വനിതകളുടെ സന്ദര്‍ശന സമയത്തില്‍ മാറ്റം

മദീന: മദീനയിലെ റൗദയില്‍ വനിതകളുടെ സന്ദര്‍ശന സമയത്തില്‍ മാറ്റം വരുത്തി. ഞായറാഴ്ച മുതലാണ് മാറ്റം നിലവില്‍ വന്നത്. സ്ത്രീകള്‍ക്ക് കൂടുതല്‍ സമയം റൗദയില്‍ നമസ്‌കാരത്തിനും സന്ദര്‍ശനത്തിനും സമയം ലഭിക്കുന്ന രീതിയിലാണ് പുതിയ സമയം ക്രമപ്പെടുത്തിയിട്ടുള്ളത്.
ഹറമിലെത്തുന്ന വിശ്വാസികളുടെ ദിരക്ക് കണക്കിലെടുത്താണ് മദീനയിലെ റൗദ സന്ദര്‍ശനത്തിനുള്ള വനിതകളുടെ സമയത്തില്‍ മാറ്റം വരുത്തിയത്. രാവിലെ പ്രഭാത നിസ്‌ക്കാരശേഷം മുതല്‍ ഉച്ചക്കുള്ള ദുഹ്ര്‍ നമസ്‌ക്കാരത്തിന് ഒരുമണിക്കൂര്‍ മുമ്പ് വരെയാണ് സ്ത്രീകള്‍ക്ക് റൗദയില്‍ സന്ദര്‍ശനത്തിന് അനുമതിയുള്ള ആദൃ ഘട്ടം. രണ്ടാം ഘട്ടത്തില്‍ രാത്രിയിലെ ഇശാ നമസ്‌ക്കാരം മുതല്‍ പ്രഭാര നമസ്‌ക്കാരത്തിന് ഒരു മണിക്കൂര്‍ മുമ്പ് വരേയും സ്ത്രീകള്‍ക്ക് റൗദ സന്ദര്‍ശിക്കാന്‍ അവസരമുണ്ടായിരിക്കും. ഇങ്ങിനെ മുന്‍ കാലങ്ങളില്‍നിന്നും വൃതൃസ്ഥമായി ദീര്‍ഘ സമയം റൗദയില്‍ നമസ്‌കാരത്തിനും സന്ദര്‍ശനത്തിനും സ്ത്രീകള്‍ക്ക് അവസരം ലഭിക്കും. മദീന ഹറം കാരൃാലയ വിഭാഗമാണ് ഇത് സംബന്ധമായ വിവരം അറിയിച്ചത്.
മുന്‍കാലങ്ങളില്‍ പ്രഭാത നമസ്‌കാരം, ഉച്ച നമസ്‌ക്കാരം, രാത്രി നമസ്‌കാരം എന്നിവക്കുശേഷം കുറഞ്ഞ മണിക്കൂര്‍ മാത്രമായിരുന്നു സ്ത്രീകള്‍ക്ക് റൗദിയില്‍ സന്ദര്‍ശനത്തിന് അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ റൗദയിലെത്തുന്നവരുടെ എണ്ണം കൂടിയതിനാല്‍ നേരത്തെയുള്ള സമയം തികയാത്തതിനെ തുടര്‍ന്നാണ് സമയം ദീര്‍ഘിപ്പിച്ചുകൊണ്ട് പുതിയ സമയ ക്രമം നടപ്പിലാക്കിയിട്ടുള്ളത്. പുതിയ സമയക്രമത്തെ കുറിച്ച് അവലോകനം നടത്തി പിന്നീട് ആവശൃമാണെങ്കില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.






