പ്രാര്‍ത്ഥനകള്‍ ഫലിച്ചില്ല, അമന്‍ മരണത്തിന് കീഴടങ്ങി

ദമാം: കാറപകടത്തില്‍ ഗുരുതര പരിക്ക് പറ്റി കഴിഞ്ഞ ഒരാഴ്ച്ചയായി ദമ്മാം ആശുപത്രിയിലായിരുന്ന മലപ്പുറം വാണിയമ്പലം സ്വദേശി ഷൈജല്‍- സഹ്‌ല തസ്‌നി ദമ്പതികളുടെ മകന്‍ മുഹമ്മദ് അമന്‍ അവസാനം മരണത്തിന് കീഴടങ്ങി.
ദമാം വിമാനത്താവളത്തില്‍ നിന്നും കുടുംബത്തോടൊപ്പം കോബാറിലെ താമസസ്ഥലത്തേക്കുള്ള മടക്ക യാത്രയിലാണ് അപകടം സംഭവിച്ചത്. സന്ദര്‍ശന വിസയിലെത്തി നാട്ടിലേക്ക് മടങ്ങുകയായിരുന്ന ബന്ധുക്കളെ യാത്രയയച്ച് മടങ്ങി വരുമ്പോഴാണ് സ്വദേശി പൗരന്‍ ഓടിച്ച വാഹനം ഇടിച്ചത്. കാറിന്റെ പിന്‍സീറ്റിലായിരുന്ന മുഹമ്മദ് അമന് ഇടിയുടെ അഘാതത്തില്‍ തലക്ക് ഗുരുതരമായ പരിക്ക് പറ്റുകയും ആംബുലന്‍സില്‍ അബു ഹദ്‌രിയ റോഡിലെ സെകൃൂരിറ്റി ഫോഴ്‌സ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും നിരന്തരം ശ്രമം നടത്തിയെങ്കിലും അവസാനം അമന്‍ വിധിക്ക് കീഴടങ്ങി. അല്‍ കോബാര്‍ ഫോക്കസ്, യുനൈറ്റഡ് ഫുട്‌ബോള്‍ ക്ലബ് തുടങ്ങി മത-സാമൂഹിക-കായിക രംഗങ്ങളില്‍ സജീവമായ പിതാവ് ഷൈജല്‍ ജി.ഇ കമ്പനിയിലെ റിജിനല്‍ ബയര്‍ ആയാണ് സേവനമനുഷ്ടിക്കുന്നത്. എട്ട് മാസം പ്രായമായ മുഹമ്മദ് അയാന്‍ മറ്റൊരു മകനാണ്. അപകട വിവരമറിഞ്ഞ് ദമാമിലെ സാമൂഹിക സംസ്‌ക്കാരിക രംഗത്തെ നിരവധി പേര്‍ നേരെത്തെ ആശുപത്രിയിലെത്തിയിരുന്നു. വലിയ സുഹൃദ് വലയമുള്ള ഷൈജലിന്റെ മകന്റെ നിരൃാണം സുഹൃത്തുക്കളേയും പരിചിതരേയും ഏറെ കണ്ണീരിലാഴ്ത്തി. നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദമാമില്‍ ഖബറടക്കും. സാമൂഹിക പ്രവര്‍ത്തകന്‍ ഷാജി വയനാട് രേഖകള്‍ ശരിയാക്കുന്നതിന് സഹായവുമായി രംഗത്തുണ്ട്. അല്‍ കോബാര്‍ യുനൈറ്റഡ് ഫുട്‌ബോള്‍ ക്ലബ് മുഹമ്മദ് അമന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
മുഹമ്മദ് അമന്‍






