വാരണാസിയിൽ മോദി, അമേഠിയിൽ സ്‌മൃതി ഇറാനി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‌ കേരളത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി ജെ.പി നദ്ദയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ നിന്ന് മത്സരിക്കും. ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ ഗാന്ധിനഗറിൽ നിന്നും ജനവിധി തേടും.

കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠിയിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കും. സാക്ഷി മഹാരാജ് ഉന്നാവോയിൽ നിന്നും സ്ഥാനാർത്ഥിയാകും. എൽ.കെ അദ്വാനി, മനേകാ ഗാന്ധി, വരുൺ ഗാന്ധി എന്നിവർ പട്ടികയിൽ ഇല്ല.

ചൊവ്വാഴ്ച വൈകിട്ടോടെ സ്ഥാനാർഥി പട്ടികക്ക് കേന്ദ്രനേതൃത്വം അനുമതി നൽകി. സിക്കിം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളുടെ പട്ടികകൾക്കൊപ്പം കേരളത്തിന്റെ പട്ടികക്കും കേന്ദ്രാനുമതി ലഭിച്ചിരുന്നു.

സിക്കിമിലെ 12 സ്ഥാനാർഥികളെയും അരുണാചൽ പ്രദേശിലെ ആറ് സ്ഥാനാർഥികളെയുമാണ് നേരത്തെ പ്രഖ്യാപിച്ചത്. 182 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്.