സൗദി സ്വകാരൃ മേഖലയിലെ അക്കൗണ്ടിംഗ് ജോലികള്‍ സ്വദേശിവത്കരിക്കുന്നു.

റിയാദ്: സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും മാനവശേഷി വികസന നിധിയും സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സെര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. സ്വകാരൃ മേഖലയിലെ അക്കൗണ്ടിംഗ് ജോലികള്‍ സ്വദേശിവത്കരിക്കുന്നതിന്റെ ഭാഗമായാണ് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 20,000 അക്കൗണ്ടിംഗ് തസ്തികകള്‍ സൗദിവല്‍ക്കരിക്കുന്നതിന് ധാരണാപത്രത്തിലൂടെ ലക്ഷൃമിടുന്നുണ്ട്. തത്വത്തില്‍ അത്രയേറെ വിദേശികള്‍ അക്കൗണ്ടിംഗ് ജോലികളില്‍നിന്നും മാറ്റിനിര്‍ത്തപ്പെടുമെന്നര്‍ത്ഥം. നിലവിലെ കണക്കനുസരിച്ച് അക്കൗണ്ടിംഗ് കമ്പനികളിലും ഓഫീസുകളിലും 1,70,000 ഓളം വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ സ്വദേശികള്‍ വെറും 4800 പേര്‍ മാത്രവുമാണ്.
അക്കൗണ്ടിംഗ് മേഖലയില്‍ സൗദിവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഏകീകരിക്കുന്നതിനാണ് ധാരാണാപത്രത്തില്‍ ഒപ്പിട്ടിട്ടുള്ളത്. അതോടൊപ്പം പൊതു സ്വകാരൃ മേഖലകള്‍ തമ്മില്‍ പരസ്പര പങ്കാളിത്തവും സഹകരണവും ഉണ്ടാക്കുവാനും ദേശീയ സമ്പദ്‌വൃവസ്ഥക്ക് ഊര്‍ജജം നല്‍കുവാനും അക്കൗണ്ടിംഗ് മേഖലയില്‍ സ്വദേശി വത്കരണം സഹായകമാകുമെന്നും അധികൃതര്‍ കരുതുന്നുണ്ട്.
സ്വദേശികളെ അകൗണ്ടിംഗ് തൊഴിലില്‍ നിയമിച്ചാല്‍ പരിശീലനം നല്‍കുന്ന പദ്ധതി മാനവശേഷി വികസന നിധിയാണ് നടപ്പാക്കുക. ഈ മേഘലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്ന കമ്പനികള്‍ക്ക് ധനസഹായവും നല്‍കും.
എന്നാല്‍ അക്കൗണ്ടിംഗ് കമ്പനികളിലും ഓഫീസുകളിലും 50 ശതമാനം വരെ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിനനുസരിച്ച് നിയമാവലിയില്‍ ഭേദഗതി വരുത്തുന്ന തീരുമാനം വാണിജൃ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ഖസബി പ്രഖൃാപിച്ചു.






