മൊബൈല്‍ ഫോണ്‍ ഉപയോഗം: പ്രതിവര്‍ഷം സൗദിയില്‍ 1,60,000 അപകടങ്ങള്‍

എയര്‍ബേഗ്: 12 ശതമാനം മരണ നിരക്ക് കുറക്കുന്നു. തലയുടെ മുന്‍, പിന്‍ഭാഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നു.

സീറ്റു ബെല്‍ട്ട്: 40 മുതല്‍ 60 ശതമാനം മരണ നിരക്ക് കുറക്കുന്നു. ശരീരത്തിന്റെ വശങ്ങളെ സംരക്ഷിക്കുന്നു.

ജിദ്ദ: മൊബൈല്‍ഫോണ്‍ ഉപയോഗം നിരവധി അപകടങ്ങളാണ് സൗദിയിലുണ്ടാക്കുന്നത്. വാഹനമോടിക്കുന്നവര്‍ എല്ലാ സുരക്ഷാ മുന്‍ കരുതലുകളും സ്വീകരിക്കണമെന്ന മുന്നറിയിപ്പാണ് സാസോ(സൗദി സ്റ്റാന്‍ഡേര്‍ഡ് മെട്രോളജി ആന്റ് ക്വാലിറ്റി ഓര്‍ഗനൈസേഷന്‍) നല്‍കിയിരിക്കുന്നത്. പ്രതേൃകിച്ച് വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍. സീറ്റ്‌ബെല്‍ട്ട് ധരിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം.
പ്രതിവര്‍ഷം 1,61,242 വാഹനാപകടങ്ങളാണ് ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലുടെ സൗദിയില്‍ ഉണ്ടാകുന്നതെന്ന് സാസോ നടത്തിയ പഠനം വൃക്തമാക്കുന്നു. അതേസമയം അപകടം മുലമുണ്ടാകുന്ന മരണ നിരക്ക് 12 ശതമാനവും വാഹനത്തിന്റെ എയര്‍ബേഗും, 40 മുതല്‍ 60 ശതമാനം വരെ അപകടങ്ങള്‍ സീറ്റു ബെല്‍ട്ട് ധരിക്കുന്നത് മൂലവും കുറക്കാന്‍ സഹായിക്കുന്നതായും സാസോ പഠനം പറയുന്നു.
വാഹനങ്ങളിലെ എയര്‍ബേഗ് പ്രവൃത്തിക്കുന്നത് കാരണം തലയുടെ മുന്‍ ഭാഗത്തിനും പിന്‍ഭാഗത്തിനും സംരക്ഷണം ലഭിക്കുന്നുണ്ട്. അപകടത്തില്‍ ശരീരത്തിന്റെ വശങ്ങളെ സീറ്റ് ബെല്‍ട്ട് ധരിക്കുന്നത് സംരക്ഷിക്കുന്നുമുണ്ട്. 2018 മോഡല്‍ വാഹനങ്ങളില്‍ നിര്‍ബന്ധമായും കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്താന്‍ വാഹന നിര്‍മ്മാതാക്കളോട് സാസോ നിഷ്‌കര്‍ഷിച്ചിരുന്നു. ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റിലിരിക്കുന്ന യാത്രക്കാര്‍ക്കും എയര്‍ബേഗിനും സിറ്റ് ബെല്‍ട്ടിനും പുറമെ ആന്റി ക്‌ളോക്ക്, ബ്രേക്ക് ഓവര്‍ റൈഡ്, ഇലക്‌ട്രോണിക്ക് സ്റ്റാബിലിറ്റി നിയന്ത്രണം തുടങ്ങിയ സംവിധാനങ്ങള്‍ കൂടുതല്‍ കാരൃക്ഷമമാക്കാനും സാസോ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കഴിഞ്ഞ വര്‍ഷം സൗദിയില്‍ നിരോധിച്ചിരുന്നു. ഇത് പ്രകാരം വാഹനമോടിക്കുന്നവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ആദൃ തവണ 150 റിയാല്‍ പിഴയും നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ 300 റിയാല്‍ ഈടാക്കുകയും 24 മണിക്കൂര്‍ തടവിലിടുകയും ചെയ്യും.