പ്രവാചക പ്രേമം ഇഹപരമോക്ഷത്തിന്റെ അവിതര്‍ക്കിത ഘടകം: അബ്ദുല്‍ നാസ്വിര്‍ മഅ്ദനി

ദമാം: കക്ഷി രാഷ്ട്രീയ വിഭാഗീയ ചിന്താഗതികള്‍ക്കതീതമായി പാരത്രിക മോക്ഷം മാത്രം ലക്ഷൃമാക്കി ദേശത്തും വിദേശത്തുമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് അജ്‌വാ എന്നും കേരളത്തിലെ സുന്നത്തു ജമാഅത്തിന്റെ നാലു സംഘടനയില്‍പ്പെട്ട ഉലമാ ഉമറാക്കളാണ് അതിന്റെ സംഘാടനത്തിന്റെയും ആത്മീയ സംസ്‌കരണത്തിന്റെയും ചുക്കാന്‍ പിടിക്കുന്നത് എന്നും സുവര്‍ണ ഏടുകളിലും രജത തൂലികകളാലും വര്‍ണിക്കാവുന്നതിലും അപ്പുറത്താണ് പ്രവാചക അവതാനങ്ങള്‍ക്കുള്ള സ്ഥാനമെന്നും അബ്ദുല്‍ നാസ്വിര്‍ മഅ്ദനി പറഞ്ഞു.
ദമാം സിറ്റി സഫാ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രവാചക അവതാന സദസ്സില്‍ മുഖൃ പ്രഭാഷണം ഓണ്‍ലൈനില്‍ നടത്തുകയായിരുന്നു അദ്ദേഹം.
സംസ്‌കരണം, ജീവകാരുണൃം, മനുഷൃാവകാശം സംരക്ഷണം എന്നീ ലക്ഷൃങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന അല്‍-അന്‍വാര്‍ ജസ്റ്റീസ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്റെ (അജ്‌വ) ദമാം സെന്‍ട്രല്‍ കമ്മിറ്റി നിലവില്‍ വന്നു.
സഫാ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടന്ന രൂപീകരണ സമ്മേളനത്തില്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഉല്‍ഘാടനം സയ്യിദ് അബ്ദുള്‍ സലാം അല്‍ ഹൈദ്രൂസി തങ്ങള്‍, ആദൃ മെമ്പര്‍ഷിപ്പ് ഫോം സയ്യിദ് മഷ്ഹൂര്‍ തങ്ങള്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു.
സുബൈര്‍ മന്നാനിയുടെ അദ്ധൃക്ഷത വഹിച്ചു. ജി.സി.സി. ഗ്‌ളോബല്‍ വൈസ് പ്രസിഡണ്ട് ശംസുദ്ധീന്‍ ഫൈസി കൊട്ടുകാട് ഉല്‍ഘാടനം ചെയ്തു. മന്‍സൂര്‍ മള്ഹരി, ശരീഫ് മദനി, സക്കീര്‍ ഹുസൈന്‍ ഐ.സി.എസ്, നവാസ് ഐ.സി.എസ് എന്നിവര്‍ സംസാരിച്ചു. ഷംനാദ് കന്നിമേല്‍ നന്ദി പറഞ്ഞു.
അബ്ദുള്‍ കരീം അസ്ഹരി (പ്രസിഡണ്ട്), സുബൈര്‍ മന്നാനി (സെക്രട്ടറി), സുഹൈല്‍ അമാനി (ട്രഷറര്‍) തുടങ്ങിയവരുടെ നേതൃത്തിലുള്ള ദമാം സെന്‍ട്രല്‍ കമ്മിററിയും തെരഞ്ഞെടുത്തു.