ബംഗളൂരുവിൽ വൻ തീപിടിത്തം; 300ലേറെ കാറുകൾ കത്തിനശിച്ചു


ബംഗളൂരു: യലഹങ്ക വ്യോമസേനാ താവളത്തിലെ എയറോ ഇന്ത്യ ഷോയുടെ പാർക്കിംഗ് ഏരിയയിൽ വൻ തീപിടിത്തം. സംഭവത്തിൽ 300 ലേറെ കാറുകൾ കത്തിനശിച്ചെന്നാണ് വിവരം.
തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതേസമയം, കാറുകളുടെ എണ്ണത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. ദുരന്ത മേഖലയിൽ 10 അഗ്നിശമന സേനാ യൂണിറ്റുകൾ എത്തി തീയണക്കാൻ ശ്രമം നടത്തുകയാണ്.
പാർക്കിംഗ് മേഖലയിലെ ഉണങ്ങിയ പുല്ലും ശക്തമായ കാറ്റും മൂലം തീ അതിവേഗം പടർന്നു പിടിക്കുകയായിരുന്നു. നിരവധി ഇരുചക്ര വാഹനങ്ങളും കത്തിയിട്ടുണ്ടെന്നാണ് വിവരം.
സംഭവത്തെ തുടർന്ന് എയ്റോ ഇന്ത്യ ഷോ താത്കാലികമായി നിർത്തിവെച്ചു. അന്തരീക്ഷമാകെ കറുത്ത പുക ഉയർന്നതിനാൽ വിമാനങ്ങൾ പറത്താൻ സാധിച്ചില്ല. അഞ്ചു ദിവസം നീണ്ട എയ്റോ ഷോ നാളെ അവസാനിക്കാനിരിക്കെയാണ് ദുരന്തം.






