ഇന്ത്യയിൽ നിന്നുള്ള മുന്തിരിക്ക് റഷ്യയും ശ്രീലങ്കയും നിയന്ത്രണം ഏർപ്പെടുത്തി

മുന്തിരിയുടെ ഇറക്കുമതി നിരോധനം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ഇന്ത്യയിൽ നിന്നുള്ള മുന്തിരി സെന്റ് പീറ്റേഴ്സ് ബെർഗ് തുറമുഖത്ത് തടഞ്ഞു വെച്ചിരിക്കുകയാണ്.

ഇന്ത്യയിൽ നിന്നുള്ള മുന്തിരിയുടെ ഇറക്കുമതിക്ക് റഷ്യയും ശ്രീലങ്കയും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ത്യയിലെ മുന്തിരി തോട്ടങ്ങൾ കീടനാശിനികൾ ഉപയോഗിക്കുന്നില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഇരുരാജ്യങ്ങളും നിബന്ധന വെച്ചു. ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ഇന്ത്യയിൽ നിന്നുള്ള മുന്തിരി സെന്റ് പീറ്റേഴ്സ് ബെർഗ് തുറമുഖത്ത് തടഞ്ഞു വെച്ചിരിക്കുകയാണ്. സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ഇത് റഷ്യൻ വിപണിയിൽ എത്തിക്കാൻ കഴിയൂ. 2000 ടണ്ണിലേറെ ഇങ്ങിനെ കെട്ടിക്കിടക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ മുന്തിരി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്ന് റഷ്യയാണ്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 15 ശതമാനം ആ രാജ്യത്തേക്കാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 27,434 ടൺ റഷ്യയിലേക്ക് കയറ്റി അയച്ചു.
ഇതേ പ്രശ്നത്തിന്റെ പേരിൽ ഇന്ത്യൻ മുന്തിരിക്ക് ശ്രീലങ്ക ഇറക്കുമതി അനുമതി നിഷേധിച്ചിരിക്കുകയാണ്.

നടപ്പ് സാമ്പത്തിക വർഷം ഇതുവരെ ഇന്ത്യ 42,458 ടൺ കയറ്റി അയച്ചു. നെതർലൻഡ്സ്, ജർമനി, യു കെ, ഡെൻമാർക്ക്‌ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്നും മുന്തിരി ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങൾ. എന്നാൽ യൂറോപ്യൻ രാജ്യങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.