കേരളത്തില്‍ നികുതിവെട്ടിച്ചുള്ള സ്വര്‍ണക്കച്ചവടം വ്യാപകമാകുന്നു: കേരള ജ്വല്ലേഴ്‌സ് അസോസിയേഷന്‍

കോഴിക്കോട്: കേരളത്തില്‍ നികുതിവെട്ടിച്ചുള്ള സ്വര്‍ണ്ണകച്ചവടം വ്യാപകമാകുന്നതായി കേരള ജ്വല്ലേഴ്‌സ് അസോസിയേഷന്‍ കോഓഡിനേഷന്‍ കമ്മിറ്റി വിലയിരുത്തല്‍. കേരളത്തില്‍ വ്യാപകമായി നടക്കുന്ന സ്വര്‍ണ്ണ കള്ളക്കടത്ത് തടയാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്ന് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
സ്വര്‍ണ്ണ വ്യാപാര മേഖലയിലെ നികുതി വെട്ടിപ്പും കള്ളക്കടത്തും തടയുക, നികുതി നല്‍കിയുള്ള സ്വര്‍ണ്ണ കച്ചവടം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കേരള ജ്വല്ലേഴ്‌സ് അസോസിയേഷന്‍ കോഓഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെടുന്നത്. കേരളത്തില്‍ ഈ മേഖലയില്‍ 50000 കോടി രൂപയുടെ വ്യാപാരമാണ് ജിഎസ്ടിയിലൂടെ നടക്കുന്നത്. രണ്ടു ലക്ഷം കോടിയുടെ കച്ചവടം അനധികൃതമായും നടക്കുന്നുണ്ട്.
അനധികൃത സ്വര്‍ണ്ണക്കച്ചവടക്കാരെ നികുതിയുടെ പരിധിയില്‍ കൊണ്ടുവന്നാല്‍ ആറായിരം കോടിയിലധികം രൂപ സര്‍ക്കാരിന് നികുതിയായി ലഭിക്കും. ഒരു കിലോ സ്വര്‍ണ്ണം കള്ളക്കടത്തായി വിപണിയിലെത്തുമ്പോള്‍ നാലു ലക്ഷം രൂപയിലധികമാണ് ലാഭം. കൂടാതെ വാറ്റ് നിയമങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന പീഡനം അവസാനിപ്പിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.






