തിരക്കുകളോട് ഗുഡ്‌ബൈ പറഞ്ഞ് ദൂരെ ഫാം ഹൗസിലേക്കൊരു യാത്ര; ‘പേളിഷിന്റെ’ ആദ്യ എപ്പിസോഡുമായി പേളിയും ശ്രീനിഷും

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയ്ക്കു ശേഷം പ്രേക്ഷകര്‍ ഏറെ ചര്‍ച്ച ചെയ്തത് പേളി മാണിയുടേയും ശ്രീനിഷിന്റേയും പ്രണയമായിരുന്നു. ബിഗ് ബോസിലെ നൂറ് ദിവസങ്ങള്‍ കൊണ്ട് വെറുതെ തോന്നിയ അടുപ്പമാണോ അതല്ല ഷോയുടെ വിജയത്തിന് വേണ്ടി തയ്യാറാക്കിയ തിരക്കഥയിലെ രണ്ട് കഥാപാത്രങ്ങള്‍ മാത്രമായിരുന്നോ ഇരുവരും എന്നൊക്കെയായിരുന്നു പ്രേക്ഷകരുടെ സംശയങ്ങള്‍. എന്നാല്‍ സംശയങ്ങളെല്ലാം തെറ്റാണെന്നും തങ്ങളുടെ പ്രണയം സത്യമാണെന്നും തെളിയിച്ചുകൊണ്ടാണ് ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്.

പ്രണയത്തിനും വിവാഹ നിശ്ചയത്തിനും ശേഷം ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വിശേഷം ഇരുവരും ഒരുമിച്ചുള്ള നിമിഷങ്ങള്‍ ചേര്‍ത്ത് പുറത്തിറക്കിയ ‘പേളിഷ്’ എന്ന വെബ് സീരീസിലെ ആദ്യ എപ്പിസോഡാണ്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് പേളിമാണി പേളിഷിന്റെ ആദ്യ എപ്പിസോഡ് പുറത്തു വിട്ടിരിക്കുന്നത്.

തിരക്കും ബഹളവും കാരണം സിറ്റി ലൈഫ് മടുത്തുവെന്നും ഒരു വെക്കേഷന്‍ ആവശ്യമാണെന്നും പറയുന്ന ഇരുവരും ശ്രീനിയുടെ അച്ഛന്റെ പഴയ ഫാംഹൗസിലേക്ക് ഒരു ട്രിപ്പ് പോകുന്നതാണ് പേളിഷിന്റെ ആദ്യ എപ്പിസോഡില്‍ കാണിച്ചിരിക്കുന്നത്. ഫാം ഹൗസിലേക്കുള്ള യാത്രയും അവിടുത്തെ ആദ്യ ദിവസവുമാണ് എപ്പിസോഡില്‍ ചിത്രീകരിച്ചിരിക്കുന്നത്. പേളിഷിന്റെ ആദ്യ എപ്പിസോഡിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ നാല് ലക്ഷത്തില്‍പ്പരം ആളുകളാണ് വീഡിയോ കണ്ടത്.